ADVERTISEMENT

കോട്ടയം ∙ ജോസ് കെ.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പിണക്കത്തിൽ ഭാഗ്യം കൊയ്തത് എൽഡിഎഫ്. ജോസ് വിഭാഗം യുഡിഎഫ് വിട്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ നേട്ടം ജോസ് വിഭാഗത്തിനും ഇടതുപക്ഷത്തിനും. മധ്യതിരുവിതാംകൂറിൽ യുഡിഎഫിന്റെ കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന കോട്ടയം ജില്ലയിൽ സ്വാധീനമുറപ്പിക്കാൻ, കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശത്തോടെ എൽഡിഎഫിനു സാധിച്ചിരിക്കുന്നു.

കോട്ടയം ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ ജില്ലയിലെ പല മേഖലകളിലും ജയിച്ചുകയറാൻ ജോസ് വിഭാഗവുമായുള്ള സഖ്യത്തിലൂടെ എൽഡിഎഫിനു കഴിഞ്ഞു. ഒപ്പം എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി ശക്തി തെളിയിച്ചു. വൈകിട്ട് ആറുമണിവരെയുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്തുടനീളം 347 ഓളം സീറ്റിൽ കേരള കോൺഗ്രസ് (എം) വിജയിച്ചു. യുഡിഎഫിനൊപ്പംനിന്ന ജോസഫ് വിഭാഗം ജയിച്ചതു സംസ്ഥാനത്താകെ 251 സീറ്റുകളിലും.

ഇരുവിഭാഗവും കേരള കോൺഗ്രസ് (എം) എന്ന കൊടിക്കീഴിൽ മത്സരിച്ച 2015ൽ 630 സീറ്റുകളിലാണു ജയിച്ചത്. ഗ്രാമപ‍ഞ്ചായത്ത് – 456, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 12, നഗരസഭ – 85, കോർപറേഷൻ – 2 എന്നിങ്ങനെയായിരുന്നു അന്നു സീറ്റുനില. വ്യത്യസ്ത മുന്നണികളിലായി മത്സരിച്ച ഇരു വിഭാഗങ്ങൾക്കും കൂടി ആകെ ലഭിച്ചത് ഏകദേശം 600 ഓളം സീറ്റുകൾ. അതായത് വേർപിരിയൽ ഇരു വിഭാഗങ്ങളെയും കാര്യമായി ബാധിച്ചില്ലെന്നു ചുരുക്കം. എന്നാൽ ജോസ് വിഭാഗം മുന്നണി വിട്ടതിന്റെ ക്ഷീണം യുഡിഎഫിനെ വലിയ തോതിൽ ബാധിച്ചെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ജോസ് വിഭാഗത്തിന്റെ കൂടി കരുത്തിൽ ജയിച്ചുകയറിയിരുന്ന പല മേഖലകളിലും യുഡിഎഫ് ഇത്തവണ പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫിന്റെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം കാരണമാകുമെന്ന സൂചനയാണുള്ളത്. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ മുന്നണിയിൽ ഒതുക്കപ്പെട്ടെന്ന് ആരോപിച്ച എൻസിപി സംസ്ഥാനത്തുടനീളം അൻപതിൽ താഴെ സീറ്റിൽ ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിൽ കൂടുതൽ സീറ്റുകൾക്കായി വിലപേശാൻ തദ്ദേശത്തിലെ മുന്നേറ്റം കേരള കോൺഗ്രസ് എമ്മിനു കരുത്തുപകരും.

English Summary: Kerala Congress (M) - LDF alliance proves fruitful in kerala local body election 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com