ADVERTISEMENT

കൊച്ചി∙ നാലരപ്പതിറ്റാണ്ട് എൽഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മൂവാറ്റുപുഴ നഗരസഭ 14ാം വാർഡിൽ യുഡിഎഫിന്റെ സൗഹൃദ മത്സരാർഥി ജോയ്സ് മേരി ആന്റണിക്ക് മിന്നും ജയം. കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗം സ്ഥാനാർഥിയായിരുന്ന വല്‍സ പൗലോസ് ഇവിടെ മൂന്നാം സ്ഥാനത്തായി. ഇടതു പിന്തുണയിൽ മത്സരിച്ച സ്വതന്ത്ര പ്രീത അജിയെയാണ് ജോയ്സ് 120 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപിച്ചത്. ജോയ്സ് 300 വോട്ട് നേടിയപ്പോൾ പ്രീത 180 വോട്ടുകളും വൽസ പൗലോസിന് 169 വോട്ടുകൾ മാത്രം ലഭിച്ചു.

വാർഡിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊതു പ്രവർത്തക ജോയ്സ് മേരി ആന്റണിയെ സ്ഥാനാർഥിയാക്കി. ഇവർ കൈപ്പത്തി ചിഹ്നത്തിൽ തന്നെ വോട്ടു തേടി. ഒരേ ഭിത്തിയിൽ യുഡിഎഫിന്റെ രണ്ട് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.

നേതാക്കൾ ഒത്തുതീർപ്പിനു ശ്രമം നടത്തിയെങ്കിലും അവസാന നിമിഷവും രണ്ടു പേരും നാമനിർദേശം പിൻവലിക്കാൻ തയാറായില്ല. ഇതോടെ യുഡിഎഫിനുള്ളിലെ രണ്ടു ഘടകകക്ഷികൾ തമ്മിലുള്ള മത്സരത്തിന് അരങ്ങൊരുങ്ങി. സൗഹൃദമൽസരം എന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. ഔദ്യോഗിക സ്ഥാനാർഥിയായി യുഡിഎഫ് പറഞ്ഞിരുന്നത് വൽസ പൗലോസിനെത്തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. യുഡിഎഫിന്റെ വോട്ടുകൾ വിഭജിച്ച് പോകുമെന്നതിനാൽ നിഷ്പ്രയാസ ജയം പ്രതീക്ഷിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് നേട്ടമുണ്ടാക്കാനായില്ല.

ഇടതുകോട്ടയായി കരുതിയിരുന്ന വാർഡ് 45 വർഷത്തിനു ശേഷം കൈവിട്ടത് എൽഡിഎഫിന‌ു വൻ തിരിച്ചടിയായി. അതേസമയം മൂവാറ്റുപുഴ നഗരസഭാ ഭരണം പിടിക്കുന്നതിൽ ജോയ്സിന്റെ വിജയം നിർണായകമാകുകയും ചെയ്തു. ഇവിടെ യുഡിഎഫ് 13 സീറ്റു നേടിയപ്പോൾ എൽഡിഎഫ് 11 സീറ്റുകളാണു സ്വന്തമാക്കിയത്. ഒരു സ്വതന്ത്രനും മൂന്ന് ബിജെപി സ്ഥാനാർഥികളും ജയിച്ചതോടെ എൽഡിഎഫിന് അവകാശവാദം ഉന്നയിക്കാനുള്ള അവസരം നഷ്ടമായി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിച്ച് യുഡിഎഫ് നടത്തിയ പ്രവർത്തനമാണ് വിജയം നേടിത്തന്നതെന്ന് ജോയ്സ് മേരി ആന്റണി മനോരമ ഓൺലൈനോടു പറഞ്ഞു.

ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമിടയിൽ വർഷങ്ങളോളം വടക്കെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോയ്സ് മേരി ആന്റണി 2010ൽ യുഎസിൽ നടന്ന വേൾഡ് യൂത്ത് പാർലമെന്റിലും 2012ൽ സ്പെയിനിൽ നടന്ന ലോകയുവജന സമ്മേളനത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയും കോർഡിനേറ്ററും ആയി പങ്കെടുത്തു. 2008ലെ കെസിബിസി ബെസ്റ്റ് യൂത്ത് അവാർഡ് ജേതാവാണ്. കെസിവൈഎം, ഐസിവൈഎം തുടങ്ങി വിവിധ യുവജന സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുള്ള അനുഭവ പരിചയം ഭരണത്തിലും മുൻനിരയിലേയ്ക്ക് അവസരം ഒരുക്കുമെന്ന് കരുതുന്നു.

മികച്ച പ്രസംഗകയും മോട്ടിവേഷനൽ ട്രെയിനറും വിദ്യാഭ്യാസ പ്രവർത്തകയുമാണ്. നിലവിൽ മഹിളാ കോൺഗ്രസിന്റെ എറണാകുളം ജില്ലാ ഐടി കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. പരേതനായ തൊടുപുഴ മുതലക്കുളം മഞ്ചപ്പള്ളിൽ ജേക്കബ് മാത്യൂവിന്റെ ഭാര്യയാണ്. ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ട്.

Content Highlight: Kerala Local Body Election Results, UDF, LDF, Joyce Mary Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com