ADVERTISEMENT

ശ്രീനഗര്‍∙ ജമ്മുകശ്മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുൻമന്ത്രിയും മേഖലയിലെ കരുത്തനായ നേതാവുമായ ശ്യാം ലാൽ ചൗധരിക്ക് അപ്രതീക്ഷിത തോൽവി. ജമ്മു ജില്ലയിലെ സുചേത്ഗഡ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ചൗധരി വെറും 11 വോട്ടിനാണ് പരാജയപ്പെട്ടത്. വിവാദ കാർഷിക നിയമങ്ങളും പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പിൽ കർഷകർക്കൊപ്പമെന്നു പരസ്യ നിലപാടെടുത്ത സ്വതന്ത്രൻ തരൺജിത് സിങ്ങാണ് ചൗധരിയെ അട്ടിമറിച്ചതെന്നതു ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ബിജെപി– പിഡിപി സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന ചൗധരി  2008ലും 2018ലും സുചേത്ഗഡിൽ നിന്ന് നിയമസഭയിൽ എത്തി. തരൺജിത് സിങ് 12,969 വോട്ടുകൾ നേടിയപ്പോൾ ചൗധരി 12,958 വോട്ടുകൾ നേടി രണ്ടാമത്തെത്തി. ജമ്മു ജില്ലയിൽ ബിജെപി 14ൽ 11 സീറ്റും നേടി മികച്ച മുന്നേറ്റം കാഴ്ച വച്ചപ്പോൾ ജില്ലയിലെ ബിജെപിയുടെ മുഖം എന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രമുഖ നേതാവിന്റെ തോൽവി പാർട്ടിക്കു കനത്ത പ്രഹരമായി. 

ജമ്മുകശ്മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള നയിക്കുന്ന ഏഴു പാർട്ടികളുടെ ഗുപ്കർ സഖ്യം മികച്ച മുന്നേറ്റമാണ് നടത്തിയത്. ഗുപ്കര്‍ സഖ്യവും കോൺഗ്രസും ചേർന്ന് 13 ജില്ലകളുടെ ഭരണം പിടിച്ചു. 280 സീറ്റുകളില്‍ സഖ്യം നൂറിലധികം സീറ്റുകളില്‍ വിജയിച്ചു. 

ആറ് ജില്ലകളിലാണ് ബിജെപി ജയിച്ചത്. ജമ്മു മേഖലയിലാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആകെയുള്ള 280 സീറ്റുകളില്‍ 74 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. കോണ്‍ഗ്രസ് 26 സീറ്റുകളില്‍ ജയിച്ചു.

English Summary: BJP Leader Loses Jammu Local Polls To Candidate Protesting Farm Laws By 11 Votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com