ADVERTISEMENT

ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പുഫലം പ്രചോദനപരമാണെന്നു വിശേഷിപ്പിച്ച ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തി, ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേകപദവി പുനഃസ്ഥാപിക്കുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മെഹ്ബൂബയുടെ പ്രതികരണം.

നാഷനൽ കോൺഫറൻസും പിഡിപിയും ഉൾപ്പെടുന്ന ഗുപ്കർ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അവർ. ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുംവരെ ഒരു തിരഞ്ഞെടുപ്പിലും നാമനിർദേശ പത്രിക സമർപ്പിക്കില്ല. ഗുപ്കർ സഖ്യത്തിലുള്ളവർ എതിരാളികളാണ്. പക്ഷേ ജമ്മു കശ്മീരിന്റെ പൊതുപ്രശ്നം പരിഹരിക്കാൻ ഒന്നിച്ചുനിൽക്കും. എന്തൊക്കെയായാലും ഞങ്ങൾ കശ്മീരികളാണ്. തിരഞ്ഞെടുപ്പിനെ കുറിച്ചു മാത്രമല്ല സംസാരം. എന്താണോ നഷ്ടപ്പെട്ടത്, അതു തിരിച്ചുകൊണ്ടുവരികയാണു ലക്ഷ്യം.’– മെഹ്ബൂബ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഞങ്ങൾ ഒരുമിച്ചിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചു ചർച്ച ചെയ്യും. ഞാൻ മത്സരത്തിനില്ല. ബിജെപിയുമായുള്ള സഖ്യത്തിനു പിതാവ് മുഫ്തി മുഹമ്മദ് സയീദ് കരാറുണ്ടാക്കിയതിൽ തെറ്റില്ല. പക്ഷേ അത് പിശാചുമായി കരാറുണ്ടാക്കിയതു പോലെയായായി. കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു മുഫ്തി, നരേന്ദ്ര മോദിയുമായല്ല കൈകോർത്തത്, ഇന്ത്യയുടെ പ്രധാനമന്ത്രിയുമായാണ്. നിബന്ധനകളെല്ലാം അവർ അംഗീകരിച്ചതാണ്. പക്ഷേ സർക്കാർ വീണതോടെ അവർക്കിഷ്‌ടമുള്ളതു ചെയ്തു– മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരിലെ 20 ജില്ലകളിലായി നടന്ന ആദ്യ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വോട്ടെടുപ്പിൽ ഗുപ്കർ സഖ്യം വലിയ വിജയമാണു നേടിയത്. ഏഴു പാർട്ടികളുടെ കൂട്ടായ്മയായ സഖ്യം 13 ജില്ലകളിൽ വിജയിച്ചു. ജമ്മുവിലെ ആറു ജില്ലകളിലാണു ബിജെപി ജയിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പ്രത്യേക പദവി റദ്ദാക്കിയ ശേഷം മേഖലയിലെ ആദ്യ തിരഞ്ഞെടുപ്പാണു കഴിഞ്ഞ ദിവസം നടന്നത്.

English Summary: "Won't Fight Elections Till Article 370 Restored": Mehbooba Mufti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com