‘സഭയിൽ ഉണ്ടായിരുന്നെങ്കിൽ പകർപ്പ് വലിച്ചു കീറിയേനെ’; എന്‍ഡിഎ വിട്ട് ആര്‍എല്‍പിയും
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) എന്‍ഡിഎ വിട്ടു. ഭരണമുന്നണിയായ എന്‍ഡിഎയില്‍നിന്നു കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് പുറത്തുപോകുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ആർഎൽപി. പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബേനിവാളാണ് ആര്‍എൽപിയുടെ ഏക ലോക്സഭാംഗം. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പഞ്ചാബില്‍നിന്നുള്ള മുന്‍ എംപി ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍നിന്നു രാജിവച്ചു.
‘എൻഡിഎയുമായി ഫെവികോൾ കൊണ്ട് എന്നെ ഒട്ടിച്ചിട്ടില്ല. ഞാൻ സ്വമേധയാ എൻഡിഎയിൽനിന്നു പുറത്തു പോകുന്നു. കർഷകർക്ക് എതിരെ നിൽക്കുന്ന ആരുടെയൊപ്പവും ഞാനുണ്ടാകില്ല. കോവിഡാണെന്ന തെറ്റായ റിപ്പോർട്ടിനെ തുടർന്നു ലോക്സഭയിൽ പ്രവേശിക്കുന്നതിൽനിന്ന് എന്നെ വിലക്കി. ഞാൻ സഭയിൽ ഉണ്ടായിരുന്നെങ്കിൽ കാർഷിക ബില്ലിന്റെ പകർപ്പുകൾ വലിച്ചു കീറിയേനെ’– രാജസ്ഥാനിലെ ഷാജഹാൻപുർ– ഖേദ അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരെ അഭിസംബോധന ചെയ്ത് ബേനിവാൾ പറഞ്ഞു.
ഇതിനിടെ, കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയ്ക്കു വീണ്ടും വഴിയൊരുങ്ങി. സര്‍ക്കാരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്നു സംഘടനകള്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതു ദൗര്‍ഭാഗ്യകരമാണെന്നു സംഘടകള്‍ വിമര്‍ശിച്ചു. വിവാദ നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടു ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണത്തോട് സംഘടനകള്‍ അനുകൂലമായി പ്രതികരിച്ചത്.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു കേന്ദ്രവുമായി ചര്‍ച്ച തുടരണമെന്നാണു കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ച നടത്താമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകരെ സമവായത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാനിടയില്ലെന്നാണു സൂചന.
3 നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ദേശീയ കര്‍ഷക കമ്മിഷന്‍ നിര്‍ദേശിച്ച താങ്ങുവില നിയമപരമായി ഉറപ്പാക്കണം, വൈക്കോല്‍ കത്തിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെ ഭാഗമായുള്ള ശിക്ഷകളില്‍നിന്ന് ഒഴിവാക്കണം, വൈദ്യുതി ഭേദഗതി ബില്ലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ചയെന്നു സംഘടനകള്‍ വ്യക്തമാക്കി.
English Summary : "Won't Stand With Anyone Against Farmers": Rajasthan Ally Ditches BJP