ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ എന്ന പെരുമയുള്ള കേണൽ (റിട്ട) നരീന്ദർ കുമാർ (87) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. സിയാച്ചിൻ കീഴടക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങളെ തുരത്തുന്നതിൽ നരീന്ദർ വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യം കണ്ട ഏറ്റവും മികച്ച പർവതാരോഹകരുടെ പട്ടികയിലും അദ്ദേഹം മുൻനിരയിലാണ്.

പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവയ്ക്കു പുറമെ രാജ്യസുരക്ഷയ്ക്കു സഹായകരമാകുന്ന നിർണായക വിവരങ്ങൾ ശേഖരിക്കുന്ന സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1981ൽ ഏതാനും സേനാംഗങ്ങളെയും നയിച്ച് സിയാച്ചിനിലേക്കു നടത്തിയ ദൗത്യത്തെക്കുറിച്ചും തന്റെ സേനാ ജീവിതത്തിലെ സാഹസിക നിമിഷങ്ങളെക്കുറിച്ചും നരീന്ദർ ഏതാനും വർഷങ്ങൾ മുൻപ് ‘മനോരമ’യോടു മനസ്സു തുറന്നു; അന്നു തയാറാക്കിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

സേനയിലെ കാളക്കൂറ്റൻ!

കരസേനയിൽ കേണൽ നരീന്ദർ കുമാറിനു മറ്റൊരു പേരു കൂടിയുണ്ട് – ബുൾ. ഡെറാഡൂൺ നാഷനൽ ഡിഫൻസ് അക്കാദമിയിലെ ബോക്സിങ് റിങ്ങിൽ മുതിർന്ന ഒാഫിസറിനെതിരെ വീറോടെ പൊരുതിയപ്പോൾ ലഭിച്ച പേര്. തന്നേക്കാൾ ആറിഞ്ച് ഉയരവും കരുത്തുമുള്ള എസ്.എഫ്.റോഡ്രിഗസിനെതിരെ (ഇദ്ദേഹം പിന്നീട് കരസേനാ മേധാവിയായി) നരീന്ദർ നടത്തിയ ഉശിരൻ ബോക്സിങ് കണ്ടുനിന്നവർ പരസ്പരം പറഞ്ഞു: കാളക്കൂറ്റന്റെ വീറുള്ളവൻ! 

നരീന്ദർ കുമാർ അന്നു മുതൽ ബുൾ കുമാർ ആയി. ആ പേര് പിന്നീട് അദ്ദേഹത്തെ വിട്ടു പോയില്ല. പേരിനെ നരീന്ദറും കൈവിട്ടില്ല. സൈനിക സേവനത്തിനു ശേഷം താൻ ആരംഭിച്ച സാഹസിക യാത്രാ കമ്പനിയുടെ ഋഷികേശിലെ കേന്ദ്രത്തിന് അദ്ദേഹം ഇങ്ങനെ പേരിട്ടു; ബുൾസ് റിട്രീറ്റ്!

narinder-siachen
നരീന്ദർ കുമാർ സിയാച്ചിൻ ദൗത്യത്തിനിടെ.

നമിക്കുന്നു ഇന്ത്യ

തെക്കു പടിഞ്ഞാറൻ ‍ഡൽഹിയിലെ സോംവിഹാറിലുള്ള നരീന്ദറിന്റെ അപാർട്ട്മെന്റിലേക്കു കയറിയാൽ ആദ്യം കണ്ണിൽപ്പെടുക സ്വീകരണ മുറിയിലെ സിയാച്ചിന്റെ സുന്ദര ചിത്രമാണ്. സിയാച്ചിൻ ദൗത്യത്തിനിടെ അദ്ദേഹം ക്യാമറയിൽ പകർത്തിയ ചിത്രം. ഹിമാലയൻ മലനിരകളിൽ വളരുന്ന കാട്ടു റോസാ ചെടിയുടെ പേരാണു സിയാ. ‘അതിമനോഹരമായ സിയാ പുഷ്പങ്ങളാൽ സുന്ദരിയായ ഹിമപ്പരപ്പിനു (ഗ്ളേഷ്യർ) സിയാച്ചിൻ എന്നതിനേക്കാൾ മികച്ചൊരു പേരില്ല’ – നരീന്ദർ പറഞ്ഞു.

രാജ്യത്തിനായി ചെയ്ത നിസ്വാർഥ സേവനത്തിനു ലഭിച്ച പുരസ്കാരങ്ങളുടെ വലിയ ശേഖരമാണു വീടിന്റെ അലങ്കാരം – പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവ അക്കൂട്ടത്തിൽ ചിലതു മാത്രം. സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരം നരീന്ദറിനെ രാജ്യത്തെ ഇതിഹാസ സൈനികരുടെ നിരയിൽ പ്രതിഷ്ഠിച്ചു.

കേണൽ നരീന്ദർ കുമാർ അതീവ പ്രധാന്യമുള്ള പ്രദേശം കണ്ടെത്തുകയും സിയാച്ചിനിൽ ശത്രുരാജ്യത്തിന്റെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു – മക്ഗ്രഗർ പുരസ്കാര പ്രശസ്തിപത്രത്തിൽ കുറിച്ചിരിക്കുന്ന ഈ വരികൾ നരീന്ദർ രാജ്യത്തിനു നൽകിയ സേവനത്തിന്റെ മഹത്വം വിളിച്ചോതുന്നു. 

പതിറ്റാണ്ടുകൾ മുൻപ്, മരണത്തെ വെല്ലുവിളിച്ച് ആ ദൗത്യം നരീന്ദർ ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, സിയാച്ചിൻ ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായി നിലകൊള്ളുമായിരുന്നു. അതുവഴി നമ്മുടെ രാജ്യസുരക്ഷ നേരിടുമായിരുന്ന ഗുരുതര ഭീഷണിയാണു ചങ്കുറപ്പിന്റെ ബലത്തിൽ നരീന്ദർ ഇല്ലാതാക്കിയത്.

പാക്കിസ്ഥാനു വിട്ടുകൊടുക്കാതെ

‘യാദൃച്ഛികമായി കണ്ട ആ ഭൂപടമാണ്, അവിടേക്ക് എന്നെ കൊണ്ടെത്തിച്ചത്’ – സിയാച്ചിൻ ദൗത്യത്തിന്റെ മഞ്ഞുവീണ ഒാർമകളെക്കുറിച്ചു നരീന്ദർ പറഞ്ഞതിങ്ങനെ.

‘വർഷം 1975. ഞാൻ അന്ന് കശ്മീരിലെ ഗുൽമർഗ് നാഷനൽ സ്കീ സ്കൂളിൽ പ്രിൻസിപ്പലാണ്. മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ഒരു ദിവസം എന്നെ ആളെ വിട്ടു വിളിപ്പിച്ചു. ജർമനിയിൽനിന്നുള്ള രണ്ടു സാഹസിക യാത്രികർ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. ലഡാക്കിലെ മഞ്ഞുമലകളിൽ സ്കീയിങ് നടത്താൻ അനുമതി തേടിയെത്തിയതാണ്. അവരെ സഹായിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടു.

ഞങ്ങൾ ഒരുക്കിയ സൗകര്യങ്ങളുടെ സഹായത്തോടെ ജർമൻ സംഘം വിജയകരമായി സ്കീയിങ് നടത്തി. രണ്ടു വർഷത്തിനു ശേഷം അവർ വീണ്ടും വന്നു. ഇൻഡസ് നദിയിൽ റാഫ്റ്റിങ് നടത്താൻ ഒപ്പം കൂടുന്നോ എന്നു ചോദിച്ചായിരുന്നു വരവ്. നദിയുടെ ദിശ രേഖപ്പെടുത്തിയ ഭൂപടം അവർ എന്നെ കാണിച്ചു. പക്ഷേ, ആ യുഎസ് ഭൂപടത്തിൽ ഞാൻ കണ്ടതു മറ്റൊന്നാണ്.

സിയാച്ചിൻ പൂർണമായി പാക്കിസ്ഥാന്റേതാണെന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു! സിയാച്ചിനിൽ പർവതാരോഹണത്തിനു പാക്കിസ്ഥാൻ തങ്ങൾക്കു ലൈസൻസ് നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞതോടെ, കാര്യം വ്യക്തമായി – സിയാച്ചിൻ തങ്ങളുടേതാണെന്നു പാക്കിസ്ഥാൻ രാജ്യാന്തര തലത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഭൂപടം അവരിൽനിന്നു വാങ്ങി ഞാൻ ഡൽഹിയിലേക്കു കുതിച്ചു. 

കരസേന പശ്ചിമമേഖലാ കമാൻഡർ ലഫ്. ജനറൽ എം.എൽ.ഛിബ്ബറുടെ ഒാഫിസിലെത്തി. എന്റെ പ്രിയ സുഹൃത്തായിരുന്നു ഛിബ്ബർ. ബുൾ കുമാർ എന്തോ ബുൾഷിറ്റ് പറയാൻ വന്നിരിക്കുന്നു എന്നദ്ദേഹം ആദ്യം കളിയാക്കി. കാര്യത്തിന്റെ ഗൗരവം ഞാൻ അറിയിച്ചപ്പോൾ ഛിബ്ബർ ഞെട്ടി. ബുൾ‍, നമുക്ക് എന്തു ചെയ്യാൻ കഴിയും? ഛിബ്ബർ ചോദിച്ചു. ഞാൻ അവിടേക്കു പോകാൻ തയാർ എന്നു മറുപടി നൽകി. ഛിബ്ബർ സമ്മതിച്ചു.

1978ൽ സ്കീ സ്കൂളിലെ മുപ്പതോളം വിദ്യാർഥികളുമായി ഞാൻ സിയാച്ചിനിലേക്കു നീങ്ങി. പർവതാരോഹണത്തിന്റെ പ്രാക്ടിക്കൽ ക്ളാസിനു പോകുന്നു എന്നാണ് ഞാൻ അവരോടു പറഞ്ഞിരുന്നത്. സിയാച്ചിനിൽ പാക്കിസ്ഥാന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. സിയാച്ചിൻ ഹിമപ്പരപ്പിന്റെ ആരംഭത്തിൽതന്നെ തെളിവുകൾ‍ ലഭിച്ചു. 

siachin
1981ൽ നരീന്ദർ പകർത്തിയ സിയാച്ചിന്റെ ദൃശ്യം.

പാക്കിസ്ഥാനിലെ സിഗരറ്റ് പായ്ക്കറ്റുകൾ, തീപ്പെട്ടിക്കൂടുകൾ, ജപ്പാനിൽ നിന്നുള്ള ഒരു ചിത്രം എന്നിവ കണ്ടെടുത്തു ഞങ്ങൾ നീങ്ങവേ, തലയ്ക്കു മീതെ പാക്കിസ്ഥാൻ ഹെലിക്കോപ്റ്ററുകൾ വട്ടമിട്ടെത്തി. ഞങ്ങളെ അവർ കണ്ടു എന്നറിയിച്ച് ഹെലിക്കോപ്റ്ററുകൾ പുക തുപ്പി. പക്ഷേ, ഞങ്ങൾ ഇന്ത്യൻ സൈനികരാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അടുത്ത നിമിഷം ഹെലിക്കോപ്റ്ററുകൾ പറന്നകന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. ജീവൻ നിലനിൽക്കാത്ത മഞ്ഞുമലകൾ എന്ന് ഇന്ത്യ കരുതിയിരുന്ന പ്രദേശത്ത് പാക്കിസ്ഥാനിൽനിന്ന് നിരന്തര നീക്കങ്ങൾ നടക്കുന്നതിന്റെ തെളിവുമായി ഞാൻ ഡൽഹിയിൽ തിരിച്ചെത്തി’. 

മിഷൻ സിയാച്ചിൻ

ഇന്ത്യയും പാക്കിസ്ഥാനും 1971ൽ നിശ്ചയിച്ച നിയന്ത്രണ രേഖയിൽ, എൻജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേർതിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. ‘എന്നാൽ, വർഷങ്ങളോളം ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പാക്കിസ്ഥാൻ സിയാച്ചിനിൽ രഹസ്യനീക്കങ്ങൾ നടത്തി’ – നരീന്ദർ പറയുന്നു. 

പാക്കിസ്ഥാന്റെ സാന്നിധ്യം തെളിയിക്കുന്ന വസ്തുക്കളുമായി ഡൽഹി സേനാ ആസ്ഥാനത്തെത്തിയ നരീന്ദർ സിയാച്ചിനിൽ കണ്ട കാഴ്ചകൾ അധികാരികളെ അറിയിച്ചു. സിയാച്ചിന്റെ വ്യക്തമായ രാജ്യാന്തര അതിർത്തി നിർണയിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. സിയാച്ചിന്റെ ആരംഭം മുതൽ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോൾ മുനമ്പ് വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തുകയായിരുന്നു നരീന്ദറിന്റെ ലക്ഷ്യം.

എന്നാൽ, കേന്ദ്ര സർക്കാരിൽനിന്നുള്ള അനുമതി വൈകി. ഒടുവിൽ, 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നരീന്ദറിനെ വിളിച്ചുവരുത്തി. ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു നീങ്ങിയാൽ അത് ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ കലാശിക്കുമോ എന്ന് സേനാ മേധാവിയോട് ഇന്ദിര ആരാഞ്ഞു. ഇല്ല എന്ന മറുപടിക്കു പിന്നാലെ നരീന്ദറിന് ഇന്ദിര പച്ചക്കൊടി കാട്ടി. 

രഹസ്യ ദൗത്യം

അതീവരഹസ്യമായിരുന്നു ദൗത്യം. സിയാച്ചിനിലേക്കാണു പോകുന്നതെന്നു ഭാര്യ മൃദുലയോടു പോലും നരീന്ദർ പറഞ്ഞില്ല. ‘ഹിമാലയൻ മലനിരകളിലേക്കുള്ള പതിവു യാത്രയെന്ന് ഞാൻ മൃദുലയോടു നുണ പറഞ്ഞു. ദൗത്യത്തിൽ ഒപ്പമുണ്ടായിരുന്നവരോടും ലക്ഷ്യം സിയാച്ചിനാണെന്നു െവളിപ്പെടുത്തിയില്ല. ഈ ദൗത്യം സിയാച്ചിനിലേക്കാണ്. അവിടെ രാജ്യാന്തര അതിർത്തി നിർണയിക്കുകയാണു ലക്ഷ്യം എന്ന രണ്ടു വാചകം പേപ്പറിലെഴുതി പോക്കറ്റിലിട്ടു. വഴിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പമുള്ളവർ സത്യം അറിയാൻ വേണ്ടിയായിരുന്നു ഇത്. 

സിയാച്ചിൻ ഹിമപ്പരപ്പിലേക്കു കടന്നതിനു പിന്നാലെ സംഘാംഗങ്ങളോട് ഞാനതു വെളിപ്പെടുത്തി – ജെന്റിൽമെൻ നമ്മൾ സിയാച്ചിൻ കീഴടക്കാൻ പോകുന്നു! തുടർന്നുള്ള യാത്ര അതിദുർഘടമായിരുന്നു. ഒരു കയറിൽ പരസ്പരം ബന്ധിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. തണുപ്പ് അതിന്റെ എല്ലാ രൗദ്രഭാവങ്ങളോടെയും ഞങ്ങൾക്കു മുന്നിലെത്തി. – 50 ഡിഗ്രി തണുപ്പ്!

സിയാച്ചിനുമേലുള്ള സാൾട്ടോറോ, സിയാ കാങ്ഗ്രി മലനിരകളിലൂടെയുള്ള യാത്രയിൽ മുന്നോട്ടുള്ള ഒാരോ കാൽവയ്പിലും മരണം പതിയിരുന്നു. അഗാധ ഗർത്തങ്ങളും നിനച്ചിരിക്കാതെയുള്ള ഹിമപാതവും താണ്ടി ആഴ്ചകളോളം ഞങ്ങൾ നടന്നു. ഒടുവിൽ കുത്തനെയുള്ള മഞ്ഞുമലയുടെ മുന്നിലെത്തി. മഞ്ഞിന്റെ വെൺമയിൽ വെട്ടിത്തിളങ്ങുന്ന കല്ലുമല.

ice-axe
1981ൽ സിയാച്ചിനിലേക്കുള്ള പർവതാരോഹണ ദൗത്യത്തിൽ ഉപയോഗിച്ച ഐസ് ആക്സ് നരീന്ദർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു സമ്മാനിക്കുന്നു.

700 അടി കുത്തനെയുള്ള കയറ്റം. കയ്യിലുള്ള ഐസ് ആക്സ് കൊണ്ട് മലയിൽ കുത്തി, തണുത്തുറഞ്ഞ മഞ്ഞിൽ കാലുകൊണ്ട് ഇടിച്ച് മലയിൽ നേരിയ കാൽപ്പിടുത്തമിട്ട് ഞാൻ വലിഞ്ഞുകയറി. പിന്നാലെ സംഘാംഗങ്ങളും. എന്റെ നേരിയ പിഴവുപോലും എല്ലാവരുടെയും മരണത്തിൽ കലാശിക്കുമെന്ന അവസ്ഥ. അന്നുവരെ ആർജിച്ച സകല ധൈര്യവും സംഭരിച്ച് ഞാൻ മുകളിലേക്ക് അള്ളിപ്പിടിച്ചു കയറി’.

നരീന്ദറിന്റെ ചങ്കൂറ്റത്തിനു മുന്നിൽ മഞ്ഞുമല തോറ്റു. ദൗത്യം സഫലം. സാൾട്ടോറോ മലനിരകളുടെ വടക്കേയറ്റത്തുള്ള ഇന്ദ്രാ കോളിൽ എത്തുന്ന ലോകത്തിലെ ആദ്യത്തേയാൾ എന്ന പെരുമയിലേക്കു നരീന്ദർ കാലെടുത്തു വച്ചു. അവിടെ ഇന്ത്യൻ പതാക കുത്തി നിർത്തി. ത്രിവർണത്തിനൊരു സല്യൂട്ടും നൽകി! സിയാച്ചിനിലുടനീളം സഞ്ചരിച്ച നരീന്ദറും സംഘവും ഇന്ത്യൻ അതിർത്തി രേഖ നിശ്ചയിച്ചു. മടങ്ങിയെത്തിയ നരീന്ദർ ഇന്ദിര ഗാന്ധിക്കൊരു സമ്മാനം നൽകി – സിയാച്ചിനിലെ ദുർഘട പാതകളിൽ തനിക്കു വഴിയൊരുക്കിയ ഐസ് ആക്സ്. 

സിയാച്ചിന്റെ സൂക്ഷ്മ വിശദാംശങ്ങൾ നരീന്ദർ ക്യാമറയിൽ പകർത്തിയിരുന്നു. അവിടുത്തെ ഭൂമിശാസ്ത്രം, കാലാവസ്ഥ, മലനിരകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനു കൈമാറി. 1984ൽ സിയാച്ചിൻ പിടിച്ചെടുക്കാനുള്ള പാക്കിസ്ഥാൻ സൈനിക നീക്കത്തെ തുരത്താൻ (ഒാപ്പറേഷൻ മേഘ്ദൂത്) അവ ഇന്ത്യൻ സേനയ്ക്കു കരുത്തേകി. കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നൽകി – കുമാർ ബേസിൻ. 

അറ്റു പോകാത്ത ചങ്കൂറ്റം

ഹിമാലയൻ മലനിരകൾ കുമാറിന് എന്നും ഹരമായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടികളിലേക്ക് അദ്ദേഹം കയറി. വെല്ലുവിളികളുടെ കാഠിന്യവും കൊടുമുടികളുടെ ഉയരവും നരീന്ദറിനെ ആവേശം കൊള്ളിച്ചു. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും വിദഗ്ധനായ മലകയറ്റ സൈനികനായ നരീന്ദർ, ശ്വാസംപോലും കിട്ടാത്ത കൊടുമുടികൾക്കുമേൽ ഇരുപതിലേറെ തവണ കയറി. 

1961ൽ 6596 മീറ്റർ ഉയരമുള്ള നീൽകണ്ഠ കൊടുമുടി കീഴടക്കിയ ശേഷമുള്ള മടക്കയാത്ര നരീന്ദർ മറക്കില്ല. ‘താഴേക്കിറങ്ങും വഴി അടി തെറ്റി അഗാധ ഗർത്തത്തിലേക്കു ഞാൻ വീണു. അവിടെ എല്ലു നുറുങ്ങുന്ന കൊടുംതണുപ്പിൽ നാലു ദിവസം ഒരേ കിടപ്പ്. ഇനിയൊരു ജീവിതമില്ല എന്നുറപ്പിച്ച ദിവസങ്ങൾ. ഒടുവിൽ, സൈന്യത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിയപ്പോഴേക്കും കൊടും തണുപ്പേറ്റ് കാലുകൾ നിർജീവമായിരുന്നു. കാലുകളിലെ നാലു വിരലുകൾ എന്നിൽനിന്ന് അറ്റുപോയി’. 

ഒരു വർഷം നീണ്ട ആശുപത്രി വാസത്തിനുശേഷം മടങ്ങിയെത്തിയ നരീന്ദറിനെ കാത്ത് ഒരു സൈനിക ഉത്തരവുണ്ടായിരുന്നു – ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2100 മീറ്ററിനു മേലുള്ള പ്രദേശങ്ങളിൽ നരീന്ദറിനെ ഇനിമേൽ നിയോഗിക്കാൻ പാടില്ല. അതോടെ നരീന്ദർ മലകയറ്റം നിർത്തിയെന്നു കരുതിയെങ്കിൽ തെറ്റി. രണ്ടു വർഷത്തിനു ശേഷം, 7816 മീറ്റർ ഉയരമുള്ള നന്ദാദേവി കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം!

പിന്നീടങ്ങോട്ട്, സിയാച്ചിൻ ഉൾപ്പെടെയുള്ള അതിദുർഘട ദൗത്യങ്ങളും ഹിമാലയൻ, ആൽപ്സ് പർവതനിരകളുമെല്ലാം കീഴടക്കുമ്പോൾ നരീന്ദറിന്റെ കാലുകളിലെ വിരലെണ്ണം ആറു തന്നെയായിരുന്നു. ആരോഗ്യം സൂക്ഷിക്കണമെന്ന സൈനിക മുന്നറിയിപ്പുകൾ വകവയ്ക്കാതെ കൊടുമുടി ഉയരങ്ങളിലെ രാജ്യസുരക്ഷ ഉറപ്പാക്കാൻ നരീന്ദർ ദൗത്യങ്ങൾ സ്വയം ഏറ്റെടുത്തു. 

‘ഞാൻ മരിച്ചു പോയാൽ അതിനുത്തരവാദി ഞാൻ മാത്രമാണെന്ന് ഒാരോ ദൗത്യത്തിനു മുൻപും അധികൃതർക്ക് എഴുതി ഒപ്പിട്ടു നൽകി. ദൗത്യത്തിനിടെ മരണം സംഭവിച്ചാൽ എന്റെ കുടുംബത്തിന് സർക്കാരിന്റെ ഒരു ചില്ലിക്കാശ് പോലും വേണ്ടെന്ന സമ്മതപത്രം കൂടിയായിരുന്നു അത്.’ രാജ്യസ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ലെന്നു നരീന്ദർ ഉറച്ചു വിശ്വസിച്ചു. നരീന്ദറിനെ പോലുള്ള ധീരജവാൻമാരുടെ ആ വിശ്വാസമാണു നമ്മുടെ രക്ഷാകവചം. 

Content Highlights: One of the bravest soldiers of the country Narinder Kumar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com