കച്ചവടക്കാരുടെ ശ്രദ്ധയ്ക്ക്: ഷട്ടർ വളയ്ക്കും വടക്കൻ സംഘം; ആയുധം തുണി-വിഡിയോ
Mail This Article
തൃശൂർ ∙ കമ്പിപ്പാര, കോടാലി, പിക്ആക്സ്, പിച്ചാത്തി, തോക്ക് തുടങ്ങി കള്ളന്മാരുടെ പ്രധാന ആയുധങ്ങൾക്കൊക്കെ പണിയില്ലാതാകുന്നു. ആയുധം പോലുമില്ലാതെ ഷട്ടർ പൊളിക്കുന്ന മോഷണ സംഘം വരുന്നുണ്ട്. കച്ചവടക്കാർ സൂക്ഷിച്ചോളൂ.
വടക്കേയിന്ത്യയിലെ കടകൾ തുറക്കുന്ന വിദഗ്ധസംഘം ദക്ഷിണേന്ത്യയിലെ കടകൾ തപ്പിയിറങ്ങിയിട്ടുണ്ടെന്നാണു പൊലീസിനു ലഭിക്കുന്നവിവരം. അടുത്തിടെ കേരളത്തിൽ കച്ചവടസ്ഥാപനങ്ങളിൽ മോഷണം നടന്നപ്പോഴാണ് വടക്കേയിന്ത്യൻ സംഘത്തിന്റെ ശൈലിയിലാണോയെന്നറിയാനുള്ള ശ്രമം പൊലീസ് നടത്തിയത്. ആയുധം എന്താണെന്നോ? ഒരു തുണി!
കരുതിയിരിക്കുക, ശൈലി ഇങ്ങനെ:
∙ ആദ്യം ഒരാൾ രാത്രി റോഡരികിലൂടെ നടന്ന് സ്വർണക്കട പോലുള്ള സ്ഥാപനങ്ങളുടെ ഷട്ടർ പരിശോധിക്കും.
∙ 2 വശങ്ങളിലെ പൂട്ടുകൾ മാത്രമിടുകയും നടുവിലെ പൂട്ട് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഷട്ടറുകൾ കണ്ടെത്തും.
∙ തുടർന്ന് മറ്റു സംഘാംഗങ്ങൾ വരും.
∙ ഏക ആയുധമായ തുണി ഷട്ടറിന്റെ അടിഭാഗത്ത് നടുക്കുള്ള പിടിയിലൂടെ കോർത്തെടുക്കും.
∙ അഞ്ചുപേർ ചേർന്ന് ഒരേസമയം ശക്തിയായി വലിക്കും.
∙ ഷട്ടർ നടുഭാഗം വളഞ്ഞു പുറത്തേക്കു തുറന്നുവരും. ഒപ്പം ഇരുവശത്തെയും പൂട്ട് തുറന്നു പോരുകയും ചെയ്യും.
∙ ഉള്ളിൽനിന്ന് അലമാരകളടക്കം പുറത്തെത്തിക്കും.
എങ്ങനെ രക്ഷപ്പെടാം?
രക്ഷപ്പെടാൻ ഒരു പോംവഴി പൊലീസ് പറയുന്നു. ഷട്ടറിന്റെ നടുഭാഗത്തും പൂട്ടുണ്ടെങ്കിൽ ഇങ്ങനെ വളച്ചെടുക്കാൻ കഴിയില്ല. അതിനാൽ കച്ചവടക്കാർ ശ്രദ്ധിക്കുക: ഷട്ടർ പൂട്ടുമ്പോൾ ഇരുവശത്തേയും മാത്രമല്ല, നടുവിലെ പൂട്ടുകൂടി ലോക്ക് ചെയ്തുവെന്ന് ഉറപ്പാക്കുക.
Content Highlight: Theft in shops