ADVERTISEMENT

ഇന്തൊനീഷ്യയിലെ ജാവ കടലിൽ തകർന്നു വീണെങ്കിലും ശ്രീവിജയ എയറിന്റെ ബോയിങ് 737–500 വിമാനത്തിന്റെ പേരിൽ നിന്നുയരുന്നതു ചരിത്രത്തിന്റെ യന്ത്രച്ചിറകടി. ശനിയാഴ്ച ഉച്ചയ്ക്ക് 62 യാത്രക്കാരുമായി ജക്കാർത്തയിൽ നിന്നു പറന്നുയർന്ന് നിമിഷങ്ങൾക്കകം കടലി‍ൽ പതിച്ചു കാണാതായ ഇന്തൊനീഷ്യൻ വിമാനത്തിന്റെ കമ്പനിപ്പേരിലാണ് ദക്ഷിണപൂർവേഷ്യയുടെ പഴയതാളുകളിൽ അമർന്ന ഒരു രാജവംശത്തിന്റെ കൊടിയടയാളം ദുഃഖം പുതച്ചു നിൽക്കുന്നത്. മികച്ച സേവനചരിത്രമുള്ള ശ്രീവിജയ എയർ ഇന്തൊനീഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ്.

ഇന്തൊനീഷ്യയിലെ വിമാനക്കമ്പനിക്ക് എങ്ങനെ ‘ശ്രീവിജയ’ എന്ന അർധമലയാളത്തമിഴ് ചുവയുള്ള പേരുവന്നു എന്നു മലയാളികളും തമിഴരും ഒരുപോലെ അന്വേഷിക്കുന്നു. ഉത്തരം തേടുന്നവർ ചെന്നെത്തുക ഏഴാം നൂറ്റാണ്ടിന്റെ പടിവാതിലിൽ.

എട്ടു മുതൽ 13–ാം നൂറ്റാണ്ടു വരെ ഇന്തൊനീഷ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഭരണത്തിലിരുന്ന രാജവംശമാണു ശ്രീവിജയ സാമ്രാജ്യം. ദേശസ്നേഹം തുടിക്കുന്ന പേര് വേണമെന്നു 2003ൽ തുടക്കമിട്ട വിമാനക്കമ്പനി തീരുമാനിച്ചതു സ്വാഭാവികം.

എംപറർ അശോക, കലിംഗ, കനിഷ്ക എന്നൊക്കെ എയർ ഇന്ത്യയുടെ വിവിധ വിമാനങ്ങൾക്കു പേരിട്ടതുപോലെ സംസ്കാരത്തെ മുപ്പതിനായിരം അടിയോളം ഉയരത്തിലെത്തിക്കാനുള്ള ഒരു നല്ല ശ്രമം. 1400 വർഷം മുൻപ് തുടക്കമിട്ട് 600 വർഷത്തോളം ജാവ മുതൽ തായ്‌ലൻഡ് മുനമ്പുവരെയുള്ള മേഖല അടക്കിവാണ ശ്രീവിജയ സാമ്രാജ്യത്തിലെ രാജാവിന്റെ ആസ്ഥാനം ഇന്തൊനീഷ്യയുടെ പടിഞ്ഞാറൻ പ്രദേശം ഉൾപ്പെടുന്ന സുമാത്ര ദ്വീപായിരുന്നു.

മേഖലയെ പൂർണമായും നിയന്ത്രിച്ചിരുന്ന നാവിക ശക്തിയായിരുന്നു ഈ ഭരണകൂടം. അക്കാലത്ത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും അറബിരാജ്യങ്ങളിലേക്കുമുള്ള വാണിജ്യ കപ്പലുകൾക്കു കടന്നു പോകേണ്ട തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിന്റെ നിയന്ത്രണവും ശ്രീവിജയ സാമ്രാജ്യത്തിനായിരുന്നു.

ഇന്തൊനീഷ്യയിലെ ആദ്യത്തെ സുശക്തമായ ഭരണകൂടവും നാവികശക്തിയുമായിരുന്ന ശ്രീവിജയ, ഹിന്ദു–ബുദ്ധ സംസ്കൃതിയുടെ കൂടിച്ചേരലിന്റെ കൊടിയടയാളം കൂടിയായിരുന്നു ഈ സാമ്രാജ്യം. ഇന്ത്യയുടെ സ്വാധീനം ഏറെ അനുഭവപ്പെട്ടിരുന്ന ഈ സാമ്രാജ്യത്തിന്റെ വേരുകൾ ആറാം നൂറ്റാണ്ടിലെ തമിഴ് – ചോള സംസ്കൃതിയിലേക്കു നീളുന്നതായും ചില ഗവേഷകർ പറയുന്നു. പേരിലെ ദ്രാവിഡ–സംസ്കൃത ചേരുവയ്ക്കു പിന്നിൽ ചിറകടിച്ച ഘടകവും ഇതാകാം.

ശ്രീവിജയ എന്ന ദക്ഷിണേന്ത്യൻ പേര് എന്തായാലും ജക്കാർത്തയിലെ ഒരു വിമാനക്കമ്പനിക്കു വരില്ലെന്നു കരുതി സ്വിരിജയ എയർലൈൻസ് എന്നൊക്കെ സമൂഹമാധ്യമത്തിലും മറ്റും ചിലർ മാറ്റി എഴുതിയെങ്കിലും പേര് ശ്രീവിജയ എന്നു തന്നെയാണ്.

English Summary: Sriwijaya Air, the indonesian airlines and the name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com