കശ്മീരിലെ ഗുപ്കർ സഖ്യത്തിൽ വിള്ളൽ; പിഎജിഡിയിൽനിന്ന് പിന്മാറി സജാദ് ലോൺ
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ പുതുതായി രൂപീകരിക്കപ്പെട്ട ഗുപ്കർ സഖ്യത്തിൽനിന്ന് (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ–പിഎജിഡി) പിൻവാങ്ങുകയാണെന്നു പീപ്പിൾസ് കോൺഫറൻസ് ചെയർപേഴ്സൻ സജാദ് ലോൺ. അടുത്തിടെ നടന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ സഖ്യത്തിലെ ചിലർ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ ആളെ നിർത്തിയിരുന്നെന്നും സജാദ് ആരോപിച്ചു.
ഗുപ്കർ സഖ്യത്തിന്റെ മേധാവിയും നാഷനൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് അയച്ച കത്തിലാണു സജാദ് തീരുമാനം അറിയിച്ചത്. ‘സഖ്യം പരമാവധി സീറ്റുകളിൽ വിജയിച്ചു. എന്നാലും കണക്കുകൾ മറച്ചുവയ്ക്കാൻ നമുക്കാവില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, പോൾ ചെയ്ത വോട്ടുകളിൽ കൂടുതലും സഖ്യത്തിനെതിരാണ്.’– സജാദ് വ്യക്തമാക്കി.
സഖ്യ സ്ഥാനാർഥികൾക്കെതിരായുള്ള വോട്ടുകൾ ഘടക പാർട്ടികളുടെ നിഴൽ സ്ഥാനാർഥിക്കാണു കിട്ടിയതെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Sajad Lone's People's Conference quits PAGD