നീണ്ട കാത്തിരിപ്പിന് അവസാനം; ആലപ്പുഴ ബൈപാസ് 28ന് തുറക്കും, 6.8 കി.മീ നീളം
Mail This Article
ആലപ്പുഴ ∙ ഏറെക്കാലമായി കാത്തിരിക്കുന്ന ആലപ്പുഴ ബൈപാസ് 28ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിനു സമർപ്പിക്കും. ഉദ്ഘാടനത്തിനെത്താൻ താൽപര്യമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. നവംബർ 20 മുതൽ അദ്ദേഹത്തിന്റെ സമയം ലഭിക്കാനായി കാത്തിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടർന്നാണു കേന്ദ്രമന്ത്രി എത്തുന്നതെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു.
6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. ഇതിൽ 3.2 കിലോമീറ്റർ മേൽപ്പാലമാണ്. ബീച്ചിനു മുകളിലൂടെയുള്ള ആദ്യ മേൽപ്പാലമെന്നതു പ്രത്യേകതയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 172 കോടി രൂപ വീതം ചെലവിടുന്ന വിധത്തിൽ 344 കോടി രൂപയാണു പദ്ധതിയുടെ അടങ്കൽ. ഇതു കൂടാതെ 25 കോടി കൂടി സംസ്ഥാനം ചെലവിട്ടു. പണികൾ പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3 ചീഫ് സെക്രട്ടറിമാരുടെ സമിതിയും മദ്രാസ് ഐഐടിയിലെ 2 വിദഗ്ധരും ഭാരപരിശോധന ഉൾപ്പെടെ നടത്തിയിരുന്നു.
ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്. പാലാരിവട്ടം പാലം മേയിൽ തുറക്കും. അതോടെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളിൽ 5 വലിയ പാലങ്ങളാകുമെന്നും ജി.സുധാകരൻ പറഞ്ഞു.
English Summary: Alappuzha Bypass inauguration on January 28