ADVERTISEMENT

2007ല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രക്ഷോഭം നടന്ന നന്ദിഗ്രാമില്‍നിന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം ബംഗാളിൽ  ചൂടുപിടിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.. മമതയുടെ രാഷ്ട്രീയത്തിന്റെ താക്കോലായിരുന്ന സുവേന്ദു അധികാരിയുമായി നേരിട്ടുള്ള തിരഞ്ഞെടുപ്പ് യുദ്ധത്തിനാണ് ഇതോടെ വേദിയൊരുങ്ങിയത്. നിലവില്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ഭവാനിപുരില്‍ നിന്നുള്ള എംഎല്‍എയാണ് മമത. നന്ദിഗ്രാം മേഖലയിൽ തൃണമൂൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവും മമതയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഗതാഗത, ജലസേചന, ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുവേന്ദു, കുറച്ചുനാൾ മുന്‍പാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തെ ‘നിരാശാജനകമായ നീക്കം’ എന്നാണ് ബിജെപി വിശേഷിപ്പിച്ചതെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ ഇതിനെ ‘മാസ്റ്റര്‍സ്‌ട്രോക്ക്’ എന്ന വിശേഷണത്തോടെയാണ് സ്വീകരിച്ചത്. അതേസമയം മമതയുടെ ബുദ്ധിപരമായ രാഷ്ട്രീയ കണക്കുകൂട്ടലായാണ് രാഷ്ട്രീയ നിരീക്ഷകരും മറ്റും ഇതിനെ വിലയിരുത്തുന്നത്.

mamata-banerjee-2
മമത ബാനര്‍ജി (ഫയൽ ചിത്രം)

∙ വാർത്തകളിലെ നന്ദിഗ്രാം

ബംഗാളിലെ ഭൂമി ഏറ്റെടുക്കല്‍ പ്രസ്ഥാനത്തിന്റെ രണ്ട് പ്രഭവകേന്ദ്രങ്ങളിലൊന്നാണ് നന്ദിഗ്രാം. മറ്റൊന്ന് സിംഗൂര്‍. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം നേതൃ സര്‍ക്കാരിനെ പുറത്താക്കി 2011 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മമതയെ സഹായിച്ചത് നന്ദിഗ്രാമിലെ പ്രക്ഷോഭം ആയിരുന്നു.

2007ല്‍, ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ ഹബ് സ്ഥാപിക്കുന്നതിനായി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കിഴക്കന്‍ മിഡ്നാപുരിലെ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായിരുന്നു അന്ന് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.

10,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഭൂമി രക്ഷ സമിതിയുടെ കീഴില്‍ കര്‍ഷകര്‍ തടിച്ചുകൂടി. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

MamataBanerjee
മമത ബാനര്‍ജി (ഫയൽ ചിത്രം)

പ്രക്ഷോഭത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉള്‍പ്പെടെ, നന്ദിഗ്രാം സമരത്തില്‍ പങ്കെടുത്തവർക്ക് വാഗ്ദാനങ്ങളുമായാണ് മമത തിങ്കളാഴ്ച മണ്ഡലം സന്ദര്‍ശിച്ചത്. 2011 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതാദ്യമായാണ് മമത നന്ദിഗ്രാം പ്രക്ഷോഭകര്‍ക്കായി വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ സിംഗൂരിന് സമാനമായ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

∙ മനഃസാക്ഷിയുടെ ആഹ്വാനം

ഭവാനിപുര്‍ തന്റെ ‘മൂത്ത സഹോദരി’ ആണെന്നും നന്ദിഗ്രാം ‘അനുജത്തി’ ആണെന്നുമാണ് നന്ദിഗ്രാമില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞത്. രണ്ടു സീറ്റുകളില്‍നിന്നും മത്സരിക്കാന്‍ ശ്രമിക്കുമെന്നും മമത വ്യക്തമാക്കി. ‘എനിക്കായില്ലെങ്കിലും ഭവാനിപുരില്‍ അനുയോജ്യമായ ഒരു സ്ഥാനാര്‍ഥി ഉണ്ടാകും. നന്ദിഗ്രാം എനിക്കു ഭാഗ്യം തരും. അത് എന്റെ അനുജത്തിയാണ്. ഞാന്‍ തീര്‍ച്ചയായും അവിടെ നിന്ന് മത്സരിക്കും’– മമത പറഞ്ഞു.

റാലിയിൽ സുവേന്ദുവിനെ വിമര്‍ശിക്കാനും മമത മറന്നില്ല. ‘‘വലിയ വർത്തമാനം പറയുന്ന ചിലരുണ്ട്. അവര്‍ക്ക് സ്വത്തും പണവുമുണ്ട്. അവര്‍ സമ്പാദിച്ച പണം മറയ്ക്കുകയും വേണം. അവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ നിന്ന് ബംഗാളിനെ സംരക്ഷിക്കുമെന്ന് ഞാന്‍ സത്യം ചെയ്തിട്ടുണ്ട്. നന്ദിഗ്രാമില്‍ നിന്ന് എന്റെ പോരാട്ടം ആരംഭിച്ചതു മുതല്‍ നന്ദിഗ്രാം എനിക്ക് പ്രിയപ്പെട്ടതാണ്. ഇത് എന്റെ മനഃസാക്ഷിയുടെ ആഹ്വാനമാണ്. ഞാന്‍ ഈ വേദിയില്‍ നിന്ന് എന്റെ തീരുമാനം പ്രഖ്യാപിച്ചു’– അവര്‍ പറഞ്ഞു.

∙ രാഷ്ട്രീയ കണക്കുകൂട്ടല്‍

2009 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ നന്ദിഗ്രാം തൃണമൂൽ കോൺഗ്രസിന്റെ കുത്തകയാണ്. ഫിറോസ ബീബിയാണ് തൃണമൂലില്‍നിന്ന് ഉപതിരഞ്ഞെടുപ്പിലും 2011 നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ചത്. 2016 ല്‍ സുവേന്ദു അധികാരി മത്സരിച്ച് വിജയിച്ചു.

നന്ദിഗ്രാമില്‍ 30 ശതമാനം ന്യൂനപക്ഷ വോട്ടുകളുണ്ട്. സുവേന്ദുവിന്റെ രാഷ്ട്രീയ വിപുലീകരണം തടയുകയാണ് മമതയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് നന്ദിഗ്രാമിൽനിന്ന് മത്സരിക്കാനുള്ള മമതയുടെ പ്രഖ്യാപനം ബുദ്ധിപരമായ രാഷ്ട്രീയ കണക്കുകൂട്ടലായി വിലയിരുത്തപ്പെടുന്നതും.

2011 മുതല്‍ ഭവാനിപുരില്‍നിന്ന് മമത ബാനര്‍ജി രണ്ടുതവണ മത്സരിച്ചു. 2016 ല്‍ ഏകദേശം 48 ശതമാനം വോട്ട് നേടി. 2011 ല്‍ ഇത് 77.46 ശതമാനമായിരുന്നു.

∙ മാസ്റ്റര്‍സ്‌ട്രോക്കോ?

മമത മണ്ഡലം മാറ്റിയത് അസ്വസ്ഥതയുടെയും സൂചകമാണെന്നാണ് ബിജെപിയുടെ ആരോപണം. ‘‘അവര്‍ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാന്‍ പോകുന്നു. എന്തുകൊണ്ട്? സ്വന്തം പാര്‍ട്ടി നേതാക്കളില്‍ അവർക്ക് വിശ്വാസമില്ലേ. അതോ അവർ തെക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഓടിപ്പോവുകയാണോ?’’– ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ചോദിച്ചു. നന്ദിഗ്രാം പ്രക്ഷോഭത്തിനിടെ ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മമതയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. അപ്പോള്‍ നീതി എവിടെ? രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് ഉത്തരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സുവേന്ദു അധികാരം (Image Courtesy - @NoorAns60376959)
സുവേന്ദു അധികാരി (ഫയൽ ചിത്രം)

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും മമതയുടെ നിലപാടുകളെ എതിർത്ത് രംഗത്തുണ്ട്. ‘‘സുവേന്ദുവിന്റേത് ശരിയായ തീരുമാനമാണെന്ന് മമത തെളിയിച്ചു. ബിജെപി നേതാവിനെതിരെ പോരാടാന്‍ പാര്‍ട്ടി മേധാവി കൊല്‍ക്കത്തയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പോകേണ്ടതുണ്ടെങ്കില്‍ അത് സുവേന്ദുവിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.’’– അദ്ദേഹം പറഞ്ഞു.

മമതയുടെ പ്രഖ്യാപനത്തിനു പിന്നാലെ, വെല്ലുവിളിയുമായി സുവേന്ദു അധികാരിയും രംഗത്തെത്തിയിരുന്നു. അര ലക്ഷം വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് സുവേന്ദുവിന്റെ പ്രഖ്യാപനം. 

അതേസമയം, മമതയുടെ ‘മാസ്റ്റര്‍സ്‌ട്രോക്ക്’ അതിശയിപ്പിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. നന്ദിഗ്രാമിന് മമതയുമായി വൈകാരികതയുണ്ടെന്ന് മന്ത്രി സുബ്രത മുഖര്‍ജി പറഞ്ഞു. ‘മറ്റെന്തിനെക്കാളും അവർ നന്ദിഗ്രാമുമായും സിംഗൂറുമായും ബന്ധപ്പെട്ടിരിക്കുന്നു. പലരും പലതരം വിലയിരുത്തൽ നടത്തുമെന്നത് ഞങ്ങള്‍ക്കറിയാം, എന്നാല്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ പോരാടിയ സംഭവങ്ങളുണ്ട്’– അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത എതിരാളികൾക്കു കുറിക്കു കൊള്ളേണ്ട വിധത്തിൽ തന്നെ നിലപാടെടുത്തെന്ന് തൃണമൂല്‍ എംപി സൗഗത റോയ് പറഞ്ഞു. ‘‘അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണിത്. ഇതാണ് അവരുടെ മാസ്റ്റര്‍സ്‌ട്രോക്ക്. നന്ദിഗ്രാമില്‍ ബിജെപി മമത ബാനര്‍ജിയെ നേരിടട്ടെ. അവര്‍ സുവേന്ദുവിനെ തടയുകയും അവിടെയുള്ള ഞങ്ങളുടെ തൊഴിലാളികളെ പ്രചോദിപ്പിക്കുകയും ചെയ്യും. മത്സരിക്കുമെന്ന നിലപാടിലൂടെ അവര്‍ തിരഞ്ഞെടുപ്പിനെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്’’– അദ്ദേഹം പറഞ്ഞു.

English Summary: Masterstroke, desperation or calculated move? Why Mamata will fight from Nandigram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com