നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
Mail This Article
ബെംഗളൂരു∙ കോണ്‍ഗ്രസ് എംഎല്‍സി പ്രകാശ് റാത്തോഡ് നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല ഫോട്ടോയും വിഡിയോയും കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതു വിവാദമാകുന്നു. വെള്ളിയാഴ്ച വിധാന്‍ പരിഷത്ത് നടക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.
നിയമസഭയിലുണ്ടായിരുന്ന ചാനല്‍ ക്യാമറാമാനാണ് പ്രകാശ് റാത്തോഡ് ഫോണില്‍ വിഡിയോ കാണുന്ന ദൃശ്യം പകര്‍ത്തിയത്. എന്നാല്‍ പ്രകാശ് ഇതു നിഷേധിച്ചു. അശ്ലീല വിഡിയോ കാണുകയായിരുന്നില്ലെന്നും ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.
പ്രകാശിന്റെ നടപടിയെ അപലപിച്ച് ബിജെപി രംഗത്തെത്തി. റാത്തോഡിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
2012ല്‍ സമാനമായ സാഹചര്യത്തില്‍ വിവാദത്തിലായത് ബിജെപി മന്ത്രിമാരായിരുന്നു. ലക്ഷ്മണ്‍ സാവദി, സി.സി പാട്ടീല്‍, കൃഷ്ണ പലേമര്‍ എന്നിവര്‍ അശ്ലീല വിഡിയോ കാണുന്ന ദൃശ്യങ്ങളാണ് അന്നു പുറത്തുവന്നത്. ഇപ്പോള്‍ ലക്ഷ്മണ്‍ സാവദിയും സി.സി പാട്ടീലും മന്ത്രിമാരാണ്.
English Summary: Karnataka Congress leader Prakash Rathod caught 'watching' obscene videos in Assembly