കാലാവധി അവസാനിക്കാറായ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടണം: ശൂരനാട് രാജശേഖരൻ
Mail This Article
തിരുവനന്തപുരം∙ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്ന എൽഡിസി റാങ്ക് ലിസ്റ്റ്, കാലാവധി അവസാനിക്കാറായ ലാസ്റ്റ് ഗ്രേഡ്, ഡ്രൈവർ (എൽഡിവി), ഹയർ സെക്കന്ററി ജൂനിയർ ഉൾപ്പെടെയുള്ള ലിസ്റ്റുകളുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും കുറച്ച് നിയമന ശുപാർശ നടന്ന റാങ്ക് ലിസ്റ്റുകൾ ആണ് ഇപ്പോഴുള്ളത്. കോവിഡിനെ തുടർന്ന് ഉദ്യോഗാർഥികൾക്ക് ഒരു വർഷത്തോളം നഷ്ടപ്പെട്ടു. പുതിയ ലിസ്റ്റ് പ്രസിദ്ധീകരണ നടപടികൾ എങ്ങുമെത്തിയിട്ടില്ല. എന്നിട്ടും നിയമന ശുപാർശ തീരെ കുറഞ്ഞ എൽഡിസി, ലാസ്റ്റ് ഗ്രേഡ്, ഡ്രൈവർ (എൽഡിവി) ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകാത്തത് സ്വന്തക്കാരെ കരാർ, ദിവസ വേതന, പിൻവാതിൽ നിയമനങ്ങൾ വഴി കുടിയിരുത്താനാണെന്നും ഇത് നിരവധി വർഷം പഠിച്ച് പിഎസ്‌സി വഴി ജോലി തേടുന്ന ഉദ്യോഗാർഥികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും പ്രായപരിധി കഴിയാറായവരും ഇനിയൊരു പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്തവരുമാണ്. ഉദ്യോഗാർഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ യൂണിവേഴ്സിറ്റികളിൽ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നികത്താൻ നടപടി സ്വീകരിക്കണമെന്നും വിരമിക്കുന്നതുമൂലം ഈ വർഷം ഉണ്ടാകുന്ന ഒഴിവുകൾ മുൻകൂറായി കണക്കാക്കി നിലവിലുള്ള ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടും റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തൽ സന്ദർശിക്കുമെന്നും അവരോടൊപ്പം ചേർന്ന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: Sooranad Rajasekharan demands extension of PSC rank list's validity