മമതയുടെ ചിറകരിയാൻ ബിജെപി; നേതാക്കളെ കൂട്ടത്തോടെ പാർട്ടിയിൽ എത്തിക്കാൻ നീക്കം
Mail This Article
കൊൽക്കത്ത ∙ ‘ദീദി, ഇതൊരു തുടക്കമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിങ്ങൾക്കൊപ്പം ആരുമുണ്ടാകില്ല’– ഒരു മാസം മുൻപ് പശ്ചിമ മിഡ്നാപുരിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ഈ വാക്കുകൾ നടപ്പാക്കുകയാണ് ബിജെപി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ നിരായുധയാക്കാൻ കരുക്കൾ നീക്കുകയാണ് ബിജെപി നേതൃത്വം.
തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ കൂട്ടത്തോടെ സ്വന്തം പാളയത്തിലെത്തിച്ച് മമതയുടെ മനോവീര്യം കെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കരുനീക്കങ്ങൾ. മമതയുടെ വലംകൈ ആയിരുന്ന മുകുൾ റോയ്‌യെ മൂന്നു വർഷം മുൻപ് സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്ന് മുകുൾ റോയ്‌യുമായി അടുപ്പം പുലർത്തിയിരുന്ന നേതാക്കളെ ഒന്നൊന്നായി സ്വന്തം കൂടാരത്തിലെത്തിച്ചു.
കേന്ദ്ര നേതാക്കളുടെ തുടർച്ചയായ ബംഗാൾ സന്ദർശനവും റാലികളും ബിജെപി നീക്കങ്ങൾക്ക് ഇന്ധനം പകർന്നു. മമത കഴിഞ്ഞാൽ തൃണമൂലിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന നേതാവ് സുവേന്ദു അധികാരിയെ കഴിഞ്ഞ ഡിസംബറിൽ ബിജെപി വലയിലാക്കി. അമിത് ഷായുടെ നേതൃത്വത്തിൽ പശ്ചിമ മിഡ്നാപൂരിൽ നടന്ന വമ്പൻ റാലിയിൽ സുവേന്ദു അധികാരിക്കൊപ്പം 5 തൃണമൂൽ എംഎൽഎമാരും (ബനശ്രീ മൈതി, ശിലഭദ്രത ദത്ത, ബിശ്വജിത് കുണ്ഡു, ശുക്ര മുണ്ട, സൈകത് പഞ്ച) ഒരു എംപിയും (സുനിൽ മണ്ഡൽ) കൂടാതെ 3 സിപിഎം എംഎൽഎമാരും (ദിപാലി ബിശ്വാസ്, തപസി മണ്ഡൽ, അശോക് ദിണ്ഡ) ഒരു കോൺഗ്രസ് എംഎൽഎയും (സുദിപ് മുഖർജി) ഒട്ടേറെ പ്രാദേശിക നേതാക്കളും ബിജെപിയിൽ ചേർന്നു.
തുടർന്നുള്ള നാളുകളിലും പ്രാദേശിക നേതാക്കളുടെ ബിജെപി ചേക്കേറൽ തുടർന്നു. ഏറ്റവുമൊടുവിൽ വനംവകുപ്പ് മുൻ മന്ത്രി രാജിവ് ബാനർജി, ബാലിയിൽനിന്നുള്ള തൃണമൂൽ എംഎൽഎ ബൈശാലി ദാൽമിയ, ഉത്തർപാറ എംഎൽഎ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഏതാനും ദിവസം മുൻപ് മന്ത്രിപദം രാജിവച്ച രാജിവ് ബാനർജി, വെള്ളിയാഴ്ചയാണ് തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ചത്.
അമിത് ഷാ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ഹൗറ റാലിയിൽ വച്ച് ബിജെപിയിൽ ചേരേണ്ടിയിരുന്ന ഈ നേതാക്കൾ, ഷായുടെ സന്ദർശനം റദ്ദാക്കിയതിനെ തുടർന്ന് ശനിയാഴ്ച പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും മുതിർന്ന നേതാക്കളെയെല്ലാം പാളയത്തിലെത്തിച്ച് മമതയ്ക്കെതിരെ അണിനിരത്താനുള്ള പടപ്പുറപ്പാടിലാണ് ബിജെപി. മമതയുടെയും ഒപ്പമുള്ള അണികളുടെയും മനോവീര്യം കെടുത്തുന്നതിലൂടെ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഭരണം പിടിക്കാൻ എളുപ്പം സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
English Summary : BJP to bring more trinamool leaders to party, causing great threat to Mamata Banerjee