തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 12ന് സംസ്ഥാനത്തെത്തുന്നു
Mail This Article
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 12ന് സംസ്ഥാനത്തെത്തും. മുഖ്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് 12 മുതൽ 15 വരെ കേരളത്തിലുണ്ടാവുകയെന്ന് മുഖ്യ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ അറിയിച്ചു.
12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായും പൊലീസ് നോഡൽ ഓഫിസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരുമായും എസ്പിമാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയം നടത്തും.
14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി വീണ്ടും ചർച്ചയുണ്ടാകും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വാർത്താസമ്മേളനവും നടത്തും. 15ന് രാവിലെ കേന്ദ്ര സംഘം ഡൽഹിയിലേക്ക് മടങ്ങിപ്പോകും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ സുദീപ് ജെയിൻ, ചന്ദ്രഭൂഷൺ കുമാർ, എഡിജി ഷേയ്ഭാലി ബി. ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ.കെ പാഠക് എന്നിവരും സംഘത്തിലുണ്ടാകും.
English Summary: Central Election Commission will visit Kerala