താൻ ജാതി പറഞ്ഞിട്ടില്ല; തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോ: കെ.സുധാകരൻ
Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍ എംപി. സിപിഎമ്മുകാര്‍ രണ്ടുദിവസം കഴിഞ്ഞ് പ്രതികരിക്കാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹമെന്നും കെ.സുധാകരൻ പറഞ്ഞു. ഷാനിമോളുടെ ക്ഷമ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഗൗരിയമ്മയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാർ. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ താൻ ജാതി പറഞ്ഞിട്ടില്ല. തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോ. അതിൽ എന്താണ് അപമാനം. ഓരോ ആളുകളുടെയും വളർന്ന സാഹചര്യങ്ങൾ അവരുടെ ദർശനങ്ങളെയും സ്വാധീനിക്കും. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സുധാകരൻ പറയുന്നു.
രാഷ്ട്രീയത്തിൽ മാത്രമാണ് പിണറായി തന്റെ എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തിൽ ഒരിക്കലും കണ്ടിട്ടില്ല. മുൻപ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങൾ വന്നപ്പോൾ തിരുത്തിയിട്ടുള്ള ആളാണ് താൻ. പിണറായി അഴിമതിക്കാരൻ ആയപ്പോഴാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
English Summary: K Sudhakaran describes stand on his comments about CM Pinarayi Vijayan