സുധാകരന്റേത് നാടൻ ശൈലി, പരാമർശം ജാതീയമല്ല; പിന്തുണച്ച് വേണുഗോപാലും
Mail This Article
ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസ്താവന വിവാദമാകുന്ന സാഹചര്യത്തിൽ പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്ത്. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയത്. പിണറായിക്കെതിരായ പരാമർശം ജാതീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം.മണിയും ജി.സുധാകരനുമെല്ലാം സംസാരിക്കുമ്പോൾ അത് നാടൻ ശൈലിയാണെന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേൽ കുതിര കയറുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
താൻ ഏതെങ്കിലും ജാതിയെ അപമാനിക്കാൻ ശ്രമിച്ചതല്ലെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹവും ജനിച്ച ജാതിയിൽ അഭിമാനം കൊള്ളുന്നയാളാണ്. സുധാകരൻ പറഞ്ഞത് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തോടെ അത് അവസാനിപ്പിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
English Summary: KC Venugopal supports K Sudhakaran