ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല തകർന്നുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു. അസം, ബംഗാൾ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തെത്തി. വ്യോമസേനയുടെ എഎന്‍32, സി130 വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഡെറാഡൂണ്‍ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം.

‌ദുരന്തം നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്തനിവാരണ സേനയെ കൂടാതെ അധികമായി നാലു സംഘത്തെക്കൂടി (200 പേർ) ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് അയച്ചതായി അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

ദുരന്തനിവാരണ സംഘത്തെ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളും സൈനികസംഘവും ഉത്തരാഖണ്ഡ‍ിൽ എത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. കരസേനാ ആസ്ഥാനം സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം തകർന്നുണ്ടായ ദുരന്തത്തിൽ 100 മുതൽ 150 പേർ വരെ മരിച്ചിരിക്കാമെന്ന് ചീഫ് സെക്രട്ടറി ഒ.എം.പ്രകാശ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. ഗംഗാ നദിയുടെ തീരപ്രദേശത്ത് കർശന ജാഗ്രത നൽകിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. നദിയിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുമെന്നും അവർ പറഞ്ഞു.

English Summary: PM Modi reviews flood situation in U'khand, says nation prays for everyone's safety there

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com