മന്ത്രിമാരുടെ പേരിൽ സരിത വിളിച്ചത് 317 തവണ: ‘സോളറിൽ കൂടെ നിന്നതിന്റെ ഒാഫർ’
Mail This Article
തിരുവനന്തപുരം ∙ സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ എന്ന യുവാവ്. അനധികൃത നിയമനം നടത്തി കമ്മിഷനെടുക്കാന്‍ സിപിഎം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കെടിഡിസിയിലും ബെവ്കോയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.
പിന്‍വാതില്‍ നിയമനം എങ്ങനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതയ്ക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടത്രേ. ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു.
സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അവകാശപ്പെടുന്ന ഫോൺ സംഭാഷണം ടിവി ന്യൂസ് ചാനലുകൾ പുറത്തുവിട്ടിരുന്നു. നിയമനങ്ങൾക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണു ധാരണയെന്നും സരിത അരുണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നു.
ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. കെടിഡിസിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 യുവാക്കളിൽ നിന്നു സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി.
English Summary: Job scam: New audio clip of Saritha turns up heat on LDF govt