ADVERTISEMENT

തിരുവനന്തപുരം∙ സരിത നായര്‍ പ്രതിയായ പിന്‍വാതില്‍ നിയമന തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഡിഐജി ഇടപെടുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ചയ് കുമാര്‍ ഗുരുദീന്‍ കേസ് ഫയലുകള്‍ വിളിപ്പിച്ചു. പണം തട്ടിയെന്ന ആരോപണം ശരിയെങ്കിലും അറസ്റ്റിന് ആവശ്യമായ തെളിവുകളില്ലെന്നാണ് കേസ് അന്വേഷിച്ച നെയ്യാറ്റിന്‍കര പൊലീസിന്റെ നിലപാട്.

ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിതയെ പ്രതിചേര്‍ത്തത് ഡിസംബര്‍ 12നാണ്. ഒന്നാം പ്രതി കുന്നത്തുകാലിലെ സിപിഐ പഞ്ചായത്ത് അംഗം രതീഷ്, മൂന്നാം പ്രതി മറ്റൊരു പൊതുപ്രവര്‍ത്തകന്‍ ഷൈജു പാലിയോട്. ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടും സരിത മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുക പോലും ചെയ്തിട്ടില്ല. എന്നിട്ടും കേസെടുത്ത് രണ്ട് മാസമായിട്ടും അറസ്റ്റ് പോയിട്ട് ചോദ്യം ചെയ്യാന്‍ പോലും നെയ്യാറ്റിന്‍കര പൊലീസ് തയാറായില്ല.

തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അഴിച്ചുപണിയില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയും സിഐയും എസ്ഐയും സ്ഥലം മാറിപ്പോയതോടെ അന്വേഷണവും നിലച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ചയ് കുമാര്‍ ഗുരുദീന്‍ കേസ് ഫയലുകള്‍ വിളിച്ചുവരുത്തിയത്. കേസ് പഠിച്ചശേഷം തുടര്‍നടപടിയെന്നാണ് നിലപാട്. അതേസമയം പരാതിക്കാരനായ അരുണിനെ അറിയില്ലെന്നതടക്കമുള്ള സരിതയുടെ വാദങ്ങള്‍ ആദ്യം അന്വേഷിച്ച സംഘം തള്ളുകയാണ്.

സരിത പരാതിക്കാരനെയും കൂട്ടുപ്രതികളെയും പലതവണ വിളിച്ചതായി ഫോണ്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പണം ഇട്ട് നല്‍കിയതായി അരുണ്‍ പറയുന്ന ബാങ്ക് അക്കൗണ്ട് തിരുനെല്‍വേലിക്കടുത്ത് മഹേന്ദ്രഗിരിയിലെ എസ്ബിഐ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടാണെന്നും കണ്ടെത്തി. എന്നാല്‍ എടിഎം മെഷീന്‍ വഴി പണം കൈമാറിയതിനാല്‍ ഇട്ടത് പരാതിക്കാരനാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് വാദം. ഇതോടൊപ്പം മറ്റ് സാമ്പത്തിക ഇടപാടുകളെല്ലാം നേരിട്ട് നടന്നതിനാലും തെളിവില്ല. അതാണ് അറസ്റ്റിന് തടസമെന്നും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ഡിഐജിയുടെ നിലപാടാവും ഇനി നിര്‍ണായകം.

English Summary: Saritha Nair Appoinment Scam - DIG calls case files

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com