ADVERTISEMENT

ലണ്ടൻ∙ യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. വാക്സീൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നും യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് പറഞ്ഞു. നിലവിൽ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവർ വ്യക്തമാക്കി. 

ഇതുവരെ 23.66 ലക്ഷത്തിലേറെ പേരാണ് ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന യഥാർഥ വൈറസിനെക്കൂടാതെ ജനിതക പരിവർത്തനം സംഭവിച്ച ഒട്ടേറെ വകഭേദങ്ങളും പലയിടത്തും കണ്ടെത്തിയിരുന്നു. അതിൽത്തന്നെ യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും വേരിയന്റുകളെയാണ് ലോകം ആശങ്കയോടെ കണ്ടത്. പെട്ടെന്നു പടരാനുള്ള ശേഷിയാണ് ഇവയെ അപകടകാരിയാക്കിയത്. അതിനിടെ, ഫൈസറും ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്സീനുകൾ ജനിതക പരിവർത്തനം സംഭവിച്ച യുകെ വൈറസുകൾക്കെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞിരുന്നു.

എന്നാൽ നിലവിൽ ജനിതക പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കെന്റ് വൈറസുകൾക്കെതിരെ വാക്സീൻ വഴി ആർജിക്കുന്ന രോഗപ്രതിരോധ ശേഷി പോരാതെ വരുമെന്നാണ് ഷാരന്റെ മുന്നറിയിപ്പ്. വാക്സീൻ ശക്തിപ്പെടുത്താൻ കൂടുതൽ ശ്രമം വേണ്ടി വരും. ആവശ്യമെങ്കിൽ വാക്സീന്റെ ബൂസ്റ്റർ ഡോസും നൽകേണ്ടി വരും. പ്രതിരോധത്തിനാവശ്യമായ വാക്സീൻ ഡോസുകൾ സ്വീകരിച്ചതിനു ശേഷവും നൽകുന്നതാണ് ബൂസ്റ്റർ ഡോസുകൾ. യുകെയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കെതിരെ നിലവിൽ വാക്സീനുകൾ ഫലപ്രദമാണ്. എന്നാൽ അവയ്ക്കു സംഭവിക്കുന്ന ജനിതകപരിവർത്തനം വാക്സീനുകളെയും മറികടക്കാൻ ശേഷിയുള്ളതാക്കുമെന്നും ഷാരൺ വ്യക്തമാക്കി.

BRAZIL-HEALTH-VIRUS
ബ്രസീലിലെ ആൽബർട്ട് ഐൻസ്റ്റീൻ ഇസ്രയേലൈറ്റ് ആശുപത്രിയിൽനിന്നുള്ള കാഴ്ച. ഫയൽ ചിത്രം: NELSON ALMEIDA / AFP

നിലവിൽ മൂന്ന് വൈറസ് വേരിയന്റുകളാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്.

1) 20ഐ/501വൈ.വി2 (ബി.1.351) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ വേരിയന്റ്
2) 20ഐ/501വൈ.വി1 (ബി.1.17) എന്നറിയപ്പെടുന്ന കെന്റ് വേരിയന്റ്
3) പി.1. എന്നറിയപ്പെടുന്ന ബ്രസീലിയൻ വേരിയന്റ്

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലാണ് ആദ്യമായി ജനിതക പരിവർത്തനം വന്ന യുകെ വൈറസിനെ കണ്ടെത്തിയത്. ‘ആശങ്കപ്പെടേണ്ട വേരിയന്റ്’ എന്നാണ് അതിനെ രാജ്യത്തെ ന്യൂ ആൻഡ് എമേർജിങ് റെസ്പിരേറ്ററി വൈറസ് ത്രെറ്റ്സ് അഡ്വൈസറി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ആ വൈറസുകളിലെ സ്പൈക്ക് പ്രോട്ടിനുകളിൽ വീണ്ടും ജനിതകമാറ്റം സംഭവിക്കുകയാണ്. ഇ484കെ എന്ന മ്യൂട്ടേഷൻ സംഭവിച്ച അത്തരം 21 കേസുകൾ ഇതിനോടകം കണ്ടെത്തി. ഇതേമാറ്റം ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും വേരിയന്റുകളിലും കണ്ടെത്തി. ഒരു പ്രത്യേക വിഭാഗമായി അവ വളരുകയാണ്, അതിവേഗത്തിൽ. ഇത് വർധിച്ചുകൊണ്ടിരിക്കുമെന്നും ഷാരൺ പറയുന്നു. 

‘1.1.7. എന്ന യുകെ വൈറസ് വേരിയന്റാണ് ഏതാനും മാസങ്ങളായി പലയിടത്തും പരക്കുന്നത്. ഇവ വീണ്ടും ജനിതക പരിവർത്തനത്തിന് വിധേയമായിത്തുടങ്ങിയിട്ടുണ്ട്. വാക്സീനും രോഗപ്രതിരോധശേഷിയും വഴി വൈറസിനെ തടയാനുള്ള ശ്രമങ്ങളെ തകർക്കുന്നതായിരിക്കും ഈ മ്യൂട്ടേഷൻ. അതിവ്യാപനശേഷിയുള്ളതാണ് വൈറസെന്നും ഓർക്കണം..’ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ഷാരൺ വ്യക്തമാക്കി. 

‘കൂടുതൽ പേരിലേക്ക് പെട്ടെന്നു പടരും എന്നതാണ് ബ്രിട്ടിഷ് വേരിയന്റിന്റെ പ്രത്യേകത. എന്നാൽ മരണത്തിന് കാരണമാകും വിധം പ്രശ്നക്കാരനല്ല. ഇത് ലോകം മുഴുവൻ പരക്കാനാണു സാധ്യത. വൈറസിനെ മറികടക്കും വിധം വാക്സീൻ കണ്ടെത്തുകയോ അല്ലെങ്കിൽ അവയിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകാത്ത വിധം ജനിതക പരിവർത്തനം സംഭവിക്കുകയോ ചെയ്താൽ മാത്രമേ ആശങ്ക വഴിമാറുകയുള്ളൂ...’– ഷാരൺ കൂട്ടിച്ചേർത്തു.

English Summary: Britain's coronavirus variant a concern, 'likely to sweep the world', says scientist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com