താരങ്ങളെ അരങ്ങിലെത്തിച്ച് ബിജെപി; ബംഗാളിൽ നുസ്രത്തിന്റെ സുഹൃത്ത് ഉൾപ്പെടെ പാർട്ടിയിൽ
Mail This Article
കൊൽക്കത്ത ∙ ബംഗാൾ പിടിക്കാനുള്ള ബിജെപി–തൃണമൂൽ കോൺഗ്രസ് പോരാട്ടം കൂടുതൽ കനക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടോളിവുഡിലെ (ബംഗാൾ ചലച്ചിത്ര മേഖല) അഭിനേതാക്കൾ ഉൾപ്പെടെ നിരവധി പേർ ബുധനാഴ്ച ബിജെപിയിൽ ചേർന്നു.
ബംഗാളി സിനിമാ താരങ്ങളായ യഷ് ദാസ് ഗുപ്ത, സൗമിലി ബിശ്വാസ്, പപ്പിയ അധികാരി, മീനാക്ഷി ഘോഷ്, സുതപ മുഖർജി, ട്രാമില ഭട്ടാചാര്യ, മല്ലിക ബാനർജി, സംവിധായകൻ രാജ് മുഖർജി, സംവിധായകനും നിർമാതാവുമായ അതാനു റോയ്, സംഗീത സംവിധായകൻ സുഭയു ബെഡെഗ്ഗോ എന്നിവരാണ് ബിജെപിയില്‍ ചേർന്നത്. ഇവരിൽ എത്രപേർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു വ്യക്തമല്ലെങ്കിലും പാർട്ടിയുടെ താര പ്രചാരനിര നീണ്ടതാകാൻ സാധ്യതയുണ്ട്.
അതേസമയം, ബിജെപിയിൽ ചേരുമെന്ന വാർത്ത നടൻ പ്രോസേൻജിത് ചാറ്റർജി നിഷേധിച്ചു. മുതിർന്ന ബിജെപി നേതാവ് അനിർബൻ ഗാംഗുലി ചാറ്റർജിയെ സന്ദർശിച്ച് ‘അമിത് ഷാ ആന്‍ഡ് ദ് മാർച്ച് ഓഫ് ബിജെപി’ എന്ന പുസ്തകം സമ്മാനിച്ചതിനു പിന്നാലെ, ചാറ്റർജി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ, ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നു ചാറ്റർജി വ്യക്തമാക്കി.
ബിജെപിയിൽ ചേർന്നവരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് 35 കാരനായ യഷ് ദാസ് ഗുപ്തയുടെ പേരാണ്. 2016 ൽ ഗാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ ചിത്രത്തിലെ വേഷത്തിന് ഫിലിംഫെയർ അവാർഡ് നേടിയിരുന്നു. തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ സുഹൃത്ത് കൂടിയാണ് യഷ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി അത് പാർട്ടി തീരുമാനിക്കേണ്ടതാണെന്നായിരുന്നു.
‘മാറ്റം കൊണ്ടുവരാൻ യുവാക്കൾക്കു കഴിയുമെന്നു വിശ്വസിക്കുന്ന ബിജെപി, യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഞാൻ കരുതുന്നു. വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ നിങ്ങൾ അതിന്റെ ഭാഗമായിരിക്കണം. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വലിയ എതിരാളിയായ ദീദിയെ (മുഖ്യമന്ത്രി മമതാ ബാനർജി) എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ദീദിയുടെ ഇളയ സഹോദരനാണ്. അങ്ങനെ തന്നെ തുടരും. ഞാൻ ബിജെപിയിൽ ചേരുകയാണെന്ന് പറഞ്ഞ് സന്ദേശമയച്ചു, അവരുടെ അനുഗ്രഹം തേടി, എന്റെ ആശംസകളും അവരെ അറിയിച്ചു’– അദ്ദേഹം പറഞ്ഞു.
സിനിമാതാരങ്ങളെ ക്യാംപിലെത്തിക്കാൻ തൃണമൂലും ശ്രമിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് പ്രമുഖ നടൻ ദീപാങ്കർ ദേ തൃണമൂലിൽ ചേർന്നിരുന്നു.
English Summary: Many Tolly names join BJP, Prosenjit nixes speculation