ADVERTISEMENT

തൃശൂർ∙ പാലിയേക്കര ടോൾ പ്ലാസയിൽ അധികൃതരുടെ ‘പോക്കറ്റടി’ തുടരുന്നു. ഇന്നലെ കാർ യാത്രക്കാരിയിൽ നിന്ന്  ബലമായി 150 രൂപയും ഫാസ്ടാഗ് കാർഡിൽ നിന്ന് 75 രൂപയും പിരിച്ചെടുത്തു. ഫാസ്ടാഗ് എടുത്തവർ ഒരു വശത്തേക്ക് 75 രൂപമാത്രം നൽകിയാൽ മതിയെന്നിരിക്കെ ഈടാക്കിയത്  225 രൂപ.ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ ‘പോക്കറ്റടി’ പരാതി ദിവസവുമെന്നപോലെ വരുന്നു.

ഇന്നലെ കണ്ണൂരിൽ നിന്ന് കോട്ടയത്തേക്കു യാത്രചെയ്ത യുവതിക്കാണു ദുരനുഭവം. വൈകിട്ട് 5.15ന് ടോൾ പ്ലാസയിലെത്തി. ഒരു ട്രാക്കിലും തിരക്കില്ലാത്തതിനാൽ ഒരു വശത്തെ ട്രാക്കിലൂടെയാണ് കയറിയത്. എല്ലാ ട്രാക്കും ഫാസ്ടാഗ് ആക്കണമെന്നു ദേശീയപാതാ അതോറിറ്റിയുടെ നിയമമുള്ളതാണ്. എന്നാൽ ടോൾ ബൂത്തിലെത്തിയപ്പോൾ പണമടയ്ക്കാൻ പറഞ്ഞു. ഫാസ്ടാഗ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത് ആൾക്കാർ ഇരട്ടിത്തുക പിഴ അടച്ചു പോകുന്ന ട്രാക്കാണെന്നു പറഞ്ഞു. ഫാസ്ടാഗ് ഉണ്ടെന്നും അതു റീഡ് ചെയ്യുമല്ലോ എന്നു പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. 75 രൂപ നൽകിയെങ്കിലും പിഴകൂടിചേർത്ത് 150 രൂപ നിർബന്ധിച്ചു വാങ്ങി. ഒറ്റയ്ക്കായിരുന്നതിനാൽ തർക്കിക്കാൻ നിൽക്കാതെ 150 രൂപ നൽകി. ഇതിന്റെ രസീതും ലഭിച്ചു. 

ടോൾ ബൂത്ത് കടന്ന് അൽപനേരം പോയപ്പോൾ മൊബൈലിൽ മെസേജ് വന്നു. ഫാസ്ടാഗ് റീഡ് ചെയ്ത് 75 രൂപ അക്കൗണ്ടിൽ നിന്നു കുറഞ്ഞു എന്നതായിരുന്നു സന്ദേശം. ഇപ്പോഴും പണി പൂർത്തിയാകാത്തതും കാനകളില്ലാത്തതും സ്ട്രീറ്റ് ലൈറ്റ് പൂർണമായി സ്ഥാപിക്കാത്തതുമായ റോഡിലൂടെ യാത്ര ചെയ്തതിന് 225 രൂപ ഈടാക്കി! ടോൾ പ്ലാസയിലെ പകൽക്കൊള്ള സംബന്ധിച്ചു കേട്ടുകേൾവിയുള്ളതിനാൽ തിരികെ  പോയി ചോദിക്കാൻ നിന്നില്ല. പകരം ടോൾ പ്ലാസയുടെ മെയിലിൽ പരാതി അയച്ചു. 

സാധാരണക്കാരായ  യാത്രക്കാർ എങ്ങനെ ഈ കൊള്ള ചോദ്യം ചെയ്യുമെന്നു യുവതി ചോദിക്കുന്നു. ഫാസ്ടാഗിൽ പണം പിൻവലിക്കപ്പെടുന്നുണ്ടോയെന്ന് അപ്പോൾത്തന്നെ അറിയാനുള്ള സംവിധാനംപോലും ടോൾ പ്ലാസയിലില്ലേ എന്നതാണു ചോദ്യം. ഫാസ്ടാഗിൽ 2900 രൂപ ബാക്കിയുണ്ടായിരുന്ന തൃശൂർ സ്വദേശിയോട് 150 രൂപ പിഴസഹിതം അടയ്ക്കാൻ നിർദേശിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. പിഴ അടയ്ക്കില്ലെന്നു പറഞ്ഞ ഈ യാത്രക്കാരന്റെ ലൈസൻസ് ബലമായി പിടിച്ചു വയ്ക്കുകയും ലൈസൻസ് പിടിച്ചുവച്ചതിന്റെ രേഖപോലും നൽകാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തിരുന്നു. പുതുക്കാട് പൊലീസ് ഇടപെട്ടാണു ലൈസൻസ് വാങ്ങി തിരികെ നൽകിയത്.

Content Highlights: Fastag, Paliyekkara Toll Plaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com