കൽക്കരി കടത്ത്: തൃണമൂൽ നേതാവ് അഭിഷേകിന്റെ ഭാര്യ രുചിരയെ ചോദ്യം ചെയ്യാൻ സിബിഐ
Mail This Article
കൊൽക്കത്ത ∙ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ ചോദ്യം ചെയ്യാൻ സിബിഐ. കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് അഭിഷേകിന്റെ ഭാര്യ രുചിര നാറുലയ്ക്ക് സിബിഐ നോട്ടിസ് നൽകിയത്.
ഞായറാഴ്ച കൊൽക്കത്തയിലെ വീട്ടിലെത്തിയാണ് നോട്ടിസ് കൈമാറിയത്. വീട്ടിൽവച്ച് ഇവരെ ചോദ്യം ചെയ്യുമെന്നാണു വിവരം. കൽക്കരി മാഫിയയുമായി തൃണമൂൽ നേതാക്കൾക്കു ബന്ധമുണ്ടെന്ന ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. തൃണമൂൽ യുവ നേതാവ് വിനയ് മിശ്രയെ ഈ കേസിൽ സിബിഐ നിരീക്ഷിച്ചു വരികയായിരുന്നു. സിബിഐ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതു മുതൽ മിശ്ര ഒളിവിലാണ്.
നിയമവിരുദ്ധ ഖനനത്തിലും തട്ടിപ്പിലും കഴിഞ്ഞ വർഷം നവംബറിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ലോക്സഭാംഗമായ അഭിഷേകിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നത്. മമതയുടെ രാഷ്ട്രീയ പിന്തുടർച്ചക്കാരനായി കണക്കാക്കുന്ന അഭിഷേകിന്റെ വളർച്ച അതിവേഗമായിരുന്നു. പല മുതിർന്ന നേതാക്കളെയും പിന്തള്ളിയാണ് പാർട്ടിയിൽ അഭിഷേകിന്റെ മുന്നേറ്റം.
English Summary: Trinamool Leader Abhishek Banerjee's Wife Summoned By CBI: Sources