ചൈനീസ് ആധിപത്യം അംഗീകരിക്കാനാകില്ല: ഇന്ത്യയ്ക്കെതിരായ സൈബർ ആക്രമണത്തിൽ യുഎസ്
Mail This Article
വാഷിങ്ടൻ∙ ഇന്ത്യയുടെ പവർഗ്രിഡിൽ ചൈനീസ് സൈബർ ആക്രമണം ഉണ്ടായ സംഭവത്തിൽ യുഎസ് രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് അംഗം ഫ്രാങ്ക് പല്ലോൺ. ചൈനീസ് പിന്തുണയുള്ള ഹാക്കർമാരാണ് കഴിഞ്ഞ ഒക്ടോബർ 12നുണ്ടായ മുംബൈയിലെ വൈദ്യുതി മുടക്കത്തിനു പിന്നിലെന്ന് യുഎസ് സൈബർ സുരക്ഷാ കമ്പനി റെക്കോർഡഡ് ഫ്യൂച്ചർ കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോയാണെന്നാണ് റിപ്പോർട്ട്.
ചൈനീസ് സർക്കാർ പിന്തുണയ്ക്കുന്ന ഹാക്കിങ് സംഘങ്ങൾ വ്യാപകമായി സൈബർ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. നൂതന സൈബർ നുഴഞ്ഞുകയറ്റ വിദ്യകൾ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും റെക്കോർഡഡ് ഫ്യൂച്ചർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതിമുടക്കത്തിൽ കലാശിച്ചതെന്നു സംശയിക്കുന്നെന്നും മഹാരാഷ്ട്ര പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രസരണ കമ്പനിയുടെ സെർവറുകളിൽ ഫെബ്രുവരി മുതൽ ഹാക്കിങ് ശ്രമങ്ങൾ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ മുൻപു പറഞ്ഞിരുന്നു.
വിരട്ടിയും സമ്മർദ്ദത്തിലാക്കിയും മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന് ഫ്രാങ്ക് പല്ലോൺ പറയുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് വൈദ്യുതി മുടങ്ങിയത്.
English Summary: "Can't Allow China To Dominate": US Lawmaker On India Cyberattack Report