‘സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ല; സ്ഥാനാർഥിയാകാമോ എന്ന് ചോദിച്ചിട്ടില്ല’
Mail This Article
കൊച്ചി∙ സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ഒരു പാർട്ടിയും തന്നോട് ഇതുവരെയും സ്ഥാനാർഥിയാകാമോ എന്നു ചോദിച്ചിട്ടില്ലെന്നും നടൻ മമ്മൂട്ടി. കൊച്ചിയിൽ ‘ദ് പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രാഷ്ട്രീയ ചോദ്യങ്ങളോട് മമ്മൂട്ടിയുടെ മറുപടികൾ. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. താൻ മൽസരിക്കുമെന്നു പറഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയും തന്നോടു സാഥാനാർഥിയാകാമോ എന്നു ചോദിച്ചിട്ടില്ല. ഞാൻ ആരോടും ചോദിച്ചിട്ടുമില്ല, തൽക്കാലം സ്ഥാനാർഥിയാകാൻ താൽപര്യവുമില്ല. ഭാവിയിൽ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ കാണുന്നതു പോലെ ഇവിടെ സിനിമാക്കാർ വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാൻ സാധ്യതയില്ല. ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ ശ്രീനിവാസൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഞാനത് കണ്ടില്ലെന്നും അദ്ദേഹത്തിന് എന്തും പറയാമല്ലോ എന്നും പറഞ്ഞു. മമ്മൂട്ടിയുടെ സംവിധാന താൽപര്യങ്ങളെക്കുറിച്ചുള്ള ചോദിച്ചതിന് ഇതൊന്നു നേരെയാവട്ടെ, അതിനാണ് ശ്രമിക്കുന്നത്. എന്നിട്ട് വേറെ മേഖലയെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മറുപടി.
രാഷ്ട്രീയം പറയുന്നതുകൊണ്ട് നടീനടൻമാർക്ക് അവസരം നഷ്ടപ്പെടുന്നു എന്ന് മകളുടെ കാര്യത്തിൽ നടൻ കൃഷ്ണകുമാർ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതു താൻ ചെയ്തിട്ടില്ലാത്തതിനാൽ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും രാഷ്ട്രീയവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നതായി നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. നാളെ പിഷാരടിക്കും ധർമജനുമൊക്കെ അതു സാധിക്കും. എല്ലാവർക്കും രാഷ്ട്രീയമുണ്ട്, കലയിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary : Actor Mammootty on entering politics