ബ്രിട്ടിഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കി; മേഗൻ–ഹാരി അഭിമുഖം ഓപ്ര വിറ്റത് 51 കോടിക്ക്
Mail This Article
വാഷിങ്ടൻ∙ ബ്രിട്ടിഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കിയ മേഗൻ–ഹാരി ദമ്പതികളുടെ അഭിമുഖം യുഎസ് ടിവി അവതാരക ഒാപ്ര വിൻഫ്ര വിറ്റത് 51 കോടി രൂപയ്ക്ക് (7 മില്യൺ യുഎസ് ഡോളർ). കഴിഞ്ഞ ദിവസങ്ങളായി രാജ്യാന്തര മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാണ് മേഗൻ–ഹാരി ദമ്പതികളുടെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ.
തനിക്ക് രാജകുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും അവഗണനകളുമാണ് മാധ്യമപ്രവർത്തക ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിൽ മേഗൻ മാർക്കിൾ വ്യക്തമാക്കിയത്. അതിനെ പിന്തുണച്ച് സംസാരിച്ച ഹാരി രാജകുമാരൻ രാജകൊട്ടാരത്തിലെ അരക്ഷിതാവസ്ഥയും രാജപദവികളെല്ലാം ഉപേക്ഷിക്കേണ്ടി വന്ന സന്ദർഭത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രിയാണ് സിബിഎസ് ചാനൽ ഹാരിയുടെയും മേഗന്റെയും അഭിമുഖം സംപ്രേക്ഷണം ചെയ്തത്. സിബിഎസിന്റെ പ്രൈ ടൈം സ്പെഷലായി സംപ്രേക്ഷണം ചെയ്ത അഭിമുഖം 7 മില്യൻ ഡോളറിനാണ് ഒാപ്രയിൽ നിന്ന് വാങ്ങിയത്. വർഷങ്ങളായി രാജകുടുംബത്തിൽ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ മേഗന്റെയും ഹാരിയുടെയും വാക്കുകളിലൂടെ വീക്ഷിച്ചതാകട്ടെ 17.1 മില്യൻ പ്രേക്ഷകരും. ആപ്പിൾ, നെറ്റ്ഫ്ലിക്സ് പോലുള്ള ഓൺലൈൻ സ്ട്രീമുകൾക്ക് അഭിമുഖം നൽകാമായിരുന്നെങ്കിലും സിബിഎസിൽ ലഭിക്കുന്ന വാർത്താപ്രാധാന്യവും പ്രൈം ടൈം സ്ലോട്ടുമാണ് അഭിമുഖം സിബിഎസിന് നൽകുന്നതിലേക്ക് ഓപ്രയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സിബിഎസിന്റെ മുൻ കറസ്പോണ്ടന്റ് കൂടിയാണ് ഓപ്ര.
രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ സിബിഎസ് സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ ആദ്യ പകുതിയിൽ മേഗനുമായി മാത്രമാണ് സംഭാഷണം. വിവാഹം മുതൽ അമ്മയാകുന്നതു വരെ രാജകുടുംബത്തിൽ നിന്ന് മേഗൻ നേരിട്ട ദുരനുഭവങ്ങളാണ് ഈ ഭാഗത്ത് പറയുന്നത്. തുടർന്ന് മേഗനൊപ്പം ഹാരിയും ഒപ്രയോട് തന്റെ അനുഭവങ്ങളും ഭാവി ജിവിതവും പങ്കുവയ്ക്കുകയാണ്.
English Summary : Oprah's Harry-Meghan Interview Netted Her $7 Million, 17 Million Viewers