ADVERTISEMENT

തിരുവനന്തപുരം ∙ ആര്‍എസ്പിക്ക് കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്. തുടര്‍ തീരുമാനമെടുക്കാനും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും ആര്‍എസ്പി സംസ്ഥാന സമിതി രാവിലെ തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പത്താമത്തെ സീറ്റായി മൂവാറ്റുപുഴയോ തിരുവമ്പാടിയോ നല്‍കാനാകില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. 

ആറ്റിങ്ങലും കയ്പമംഗലവും മാറ്റി നല്‍കണമെന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യം. ആറ്റിങ്ങലില്‍ മത്സരിച്ചേ മതിയാകൂവെന്നും കയ്പമംഗലം മാറ്റുന്നത് പരിഗണിക്കാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. പിന്നീട് കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ നല്‍കാമെന്ന് തത്വത്തില്‍ സമ്മതിച്ചു. കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ടി.എന്‍.പ്രതാപനും ആവശ്യപ്പെട്ടിരുന്നു.

അമ്പലപ്പുഴയില്‍ സിപിഎമ്മിനായി മന്ത്രി ജി.സുധാകരന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലാതായി. എന്‍.കെ.പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനം മാറ്റിയില്ല. കോണ്‍ഗ്രസ് പറഞ്ഞു പറ്റിച്ചെന്നാണ് ആര്‍എസ്പിയുടെ ‌പ്രതികരണം. അതേസമയം ആറ്റിങ്ങലില്‍ റിട്ട. ഡിഇഒ അഡ്വ. ശ്രീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

പത്താമത്തെ സീറ്റായി മൂവാറ്റുപുഴയോ തിരുവമ്പാടിയോ വിട്ടുകിട്ടണമെന്ന കേരള കോണ്‍ഗ്രസ് ജോസഫിന്റെ ആവശ്യവും കോണ്‍ഗ്രസ് തള്ളി. വേണമെങ്കില്‍ കാഞ്ഞങ്ങാട് നല്‍കാമെന്നാണ് മറുപടി. പട്ടാമ്പി മുസ്‌ലീം ലീഗിന് വിട്ടുനല്‍കുന്നതില്‍ തര്‍ക്കം തുടരുകയാണ്. ജയസാധ്യതയുള്ള സീറ്റ് കിട്ടാന്‍ സിഎംപി നേതാവ് സി.പി.ജോണിന് കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നിര്‍ണയം തീരുംവരെ കാത്തിരിക്കേണ്ടിവരും. സീറ്റിനായുള്ള ഫോര്‍വേഡ് ബ്ലോക്ക്, ജനതാദള്‍ ജോണ്‍ വിഭാഗം എന്നിവരുടെ കാത്തിരിപ്പും തുടരുകയാണ്. 

English Summary: RSP express displeasure on seat allocation regarding Ambalapuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com