അന്ന് സ്ഥാനാർഥിയാക്കിയില്ല, 4 വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രി; തീരഥിന്റെ കഥ
Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ലോക്സഭാംഗം തീരഥ് സിങ് റാവത്തിനു പറയാൻ നിരാസത്തിന്റെ കഥകൂടിയുണ്ട്. 2017 ൽ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരഥ് സിങ് റാവത്തിന് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. പക്ഷേ, നാലു വർഷത്തിനുശേഷം മുഖ്യമന്ത്രിയായി ‘മധുരപ്രതികാരം’ നടത്തിയിരിക്കുന്നു തീരഥ്.
ബിജെപിയുടെ നിർദേശപ്രകാരം ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണു തീരഥിന് അവസരമുണ്ടായത്. കഴിഞ്ഞദിവസം എംഎൽഎമാരുടെ യോഗത്തിൽ, ത്രിവേന്ദ്ര സിങ്ങാണു പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതും. ലളിതജീവിതം നയിക്കുന്ന, വിനീതമായി പെരുമാറുന്ന തീരഥ്, ആൾക്കൂട്ടത്തെ ഇളക്കിമറിക്കുന്ന നേതാവല്ല. എന്നിട്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തീരഥിനെ നിർദേശിക്കുകയായിരുന്നു.
ഇത്തവണ ആദ്യമായി എംപിയായ തീരഥ് സംസ്ഥാനത്തും കേന്ദ്രത്തിലും പാർട്ടിയുടെ പ്രധാന സംഘടനാ പദവികൾ വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽനിന്ന് അടർത്തിമാറ്റി ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ ഇടക്കാല സർക്കാരിൽ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി. 2013 മുതൽ 2015 വരെ സംസ്ഥാന ബിജെപി പ്രസിഡന്റായി. ഇപ്പോൾ ദേശീയ സെക്രട്ടറിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചൗബട്ടഖലിലേക്കു ബിജെപി നിർദേശിച്ചതു സത്പാൽ മഹാരാജിനെയാണ്.
2012ൽ താൻ വിജയിച്ച സീറ്റിലേക്കുള്ള തീരഥിന്റെ അവകാശവാദം അവഗണിച്ചായിരുന്നു ബിജെപിയുടെ തീരുമാനം. റാവത്തിനെ പിന്നീട് ദേശീയ സെക്രട്ടറിയാക്കുകയും 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ പൗരി ഗഡ്‍വാൾ ലോക്സഭാ മണ്ഡലത്തിൽനിന്നു മത്സരിപ്പിക്കുകയും ചെയ്തു. ബിജെപിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിക്കെതിരെ ആയിരുന്നു മത്സരം.
കോൺഗ്രസ് നോമിനിയായിരുന്നു അദ്ദേഹം. ഖണ്ടൂരിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ യഥാർഥ അവകാശി താനാണെന്നു സ്വയം വിശേഷിപ്പിച്ച തീരഥ് 3,02,669 വോട്ടുകൾക്ക് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണിത്. വിഭാഗീയതയിലോ വിവാദത്തിലോ ഉൾപ്പെടാത്തയാൾ എന്നതാണു തീരഥിനു നറുക്കുവീഴാൻ കാരണമെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു.
ഭാര്യ രശ്മി സൈക്കോളജി പ്രഫസറാണ്. ‘നിരവധി സംഘടനാ പദവികളും നീണ്ട രാഷ്ട്രീയ പരിചയവും ഉണ്ടായിരുന്നിട്ടും അദ്ദേഹം ലളിതവും നിസ്സംഗനുമാണ്. ഇത് അദ്ദേഹത്തിന്റെ സദ്ഗുണമാണ്. തീരഥ് ഗൗരവമുള്ള ആളാണ്, അധികം സംസാരിക്കില്ല.’– രശ്മി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തീരഥിന്റെ പ്രധാന വെല്ലുവിളി.
English Summary: The New Uttarakhand Chief Minister Was Denied BJP Ticket In 2017