കാസർകോട് കോൺഗ്രസിലും കലഹം; 10 ഡിസിസി ഭാരവാഹികൾ രാജിവച്ചു
Mail This Article
കാസർകോട്∙ ഉദുമ, തൃക്കരിപ്പൂർ മണ്ഡലത്തിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫിനു വിട്ടുകൊടുത്തപ്പോൾ ജില്ലാ നേതൃത്വവുമായി ആലോചിച്ചില്ലെന്നും, ഉദുമ സീറ്റിൽ ജില്ലയിലെ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ പരിഗണിച്ചില്ലെന്നും ആരോപിച്ച് 10 ഡിസിസി ഭാരവാഹികൾ രാജിവച്ചു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ രാജിസന്നദ്ധത അറിയിച്ചെന്ന് സൂചന.
നഗരത്തിലെ ഹോട്ടലിൽ യോഗം ചേർന്ന ഇവർ വൈകിട്ട് സ്ഥാനാർഥി പ്രഖ്യാപനം വന്നശേഷം ഒൗദ്യോഗികമായി രാജിപ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. ജില്ലയിൽ 3 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ വർഷങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന തൃക്കരിപ്പൂര്‍ സീറ്റ് ജില്ലാ നേതൃത്വവുമായി ചർച്ച നടത്താതെയാണ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു കൈമാറിയത്.
ഉദുമ സീറ്റിൽ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എന്നാൽ അവസാന നിമിഷം ബാലകൃഷ്ണൻ പെരിയയുടെ പേരു മാത്രമാണ് നേതൃത്വം പരിഗണിക്കുന്നതെന്ന സൂചന ലഭ്യമായതോടെയാണ് 10 ഡിസിസി ഭാരവാഹികൾ രാജിവച്ചത്. ഇത്തവണ കോൺഗ്രസ് ഏറെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലമാണ് പെരിയ ഇരട്ടക്കൊലപതകം നടന്ന കല്യോട്ട് പ്രദേശം ഉൾപ്പെടുന്ന ഉദുമ.
English Summary: 10 members resigns in Kasaragod DCC