‘എന്റെ ജോലിയാണിത്, മോശമായി പെരുമാറിയത് ചന്ദ്രാനി, പേടിച്ചു’; വിശദീകരിച്ച് ഡെലിവറി ബോയ്
Mail This Article
ബെംഗളൂരു ∙ സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചതായും മൂക്കിൽ രക്തസ്രാവമുണ്ടായതായും ആരോപിച്ച് ബെംഗളൂരു യുവതി പങ്കുവച്ച വിഡിയോയെ ചൊല്ലി രണ്ടു പക്ഷമായിരിക്കുകയാണു സമൂഹമാധ്യങ്ങൾ. വിവാദം രൂക്ഷമാകവെ, തന്നെ യുവതി ചെരുപ്പു കൊണ്ട് മർദിച്ചെന്നും അധിക്ഷേപിച്ചെന്നും പരാതിപ്പെട്ടു പ്രതി കാമരാജും രംഗത്തെത്തി.
പരാതിക്കാരിയായ മേക്ക് അപ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനി ആരോപണം നിഷേധിച്ചു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രണ്ടു പേരെയും പിന്തുണയ്ക്കുന്നതായും സംഭവത്തിന്റെ ഇരുവശങ്ങളും വെളിച്ചത്തുവരാൻ ആഗ്രഹിക്കുന്നതായും സൊമാറ്റോ പ്രതികരിച്ചു. കാമരാജിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേസിനെ തുടർന്നു സൊമാറ്റോയിൽനിന്നു താൽക്കാലികമായി സസ്പെൻഷനിലായ കാമരാജ്, യുവതിയെ താൻ അടിച്ചില്ലെന്ന് എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു
‘ഭക്ഷണവുമായി എത്തിയപ്പോൾ അവർ എന്നെ ചീത്ത പറഞ്ഞു. വാതിലിനടുത്തുള്ള ചെരുപ്പ് സ്റ്റാൻഡിൽനിന്ന് ചെരുപ്പ് എടുത്ത് അടിക്കാൻ തുടങ്ങി. ഞാൻ ഞെട്ടിപ്പോയി. സുരക്ഷയ്ക്കായി ഞാൻ അവളുടെ കൈ തടുത്തു. യുവതിയുടെ കയ്യിലെ മോതിരം അവളുടെ മൂക്കിൽ തട്ടി പരുക്കുണ്ടായി. ഞാൻ അവരെ ഇടിച്ചിട്ടില്ല. ഭയപ്പെട്ട ഞാൻ ഉടനെ സ്ഥലം വിട്ടു’– കാമരാജ് വിശദീകരിച്ചു.
‘യുവതി പിന്തുടർന്നു പിന്നെയും അടിച്ചുകൊണ്ടിരുന്നു. ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് എന്റെ മുഴുവൻ സമയ ജോലിയാണ്. ഒരിക്കലും അവരെ അധിക്ഷേപിട്ടില്ല. ആദ്യം മോശമായി പെരുമാറിയതു ചന്ദ്രാനിയാണ്. പേടി കൊണ്ടുള്ള പ്രതികരണമായിരുന്നു എന്റേത്. ഞാൻ വല്ലാതെ പരിഭ്രാന്തനായി. ആ നിമിഷത്തിൽ അങ്ങനെ ചെയ്തതാണ്, മനഃപൂർവമല്ല.’– തന്റെ അറസ്റ്റിനെക്കുറിച്ചും ജാമ്യത്തെക്കുറിച്ചും കരഞ്ഞുകൊണ്ട് കാമരാജ് പറഞ്ഞു.
‘ഓർഡർ റദ്ദാക്കുന്നതിനെക്കുറിച്ചോ ചാർജുകൾ ഒഴിവാക്കുന്നതിനെ കുറിച്ചോ സൊമാറ്റോ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് (കാമരാജ്) ചോദിച്ചിരുന്നു. ആ നിമിഷം അദ്ദേഹം വളരെ പരുഷമായി പെരുമാറി. മാഡം, എനിക്കറിയില്ല, ദയവായി സമയം പാഴാക്കരുത്. എന്റെ പണം തരിക എന്നാണ് അദ്ദേഹം പറഞ്ഞത്’– ചന്ദ്രാനി പറയുന്നു. ‘ആ മനുഷ്യൻ തന്നോട് ആക്രോശിച്ചു, എനിക്കതു ഭീഷണിയായി തോന്നി’ എന്ന് സൊമാറ്റോ കസ്റ്റമർ കെയറിലും ചന്ദ്രാനി പരാതിപ്പെട്ടിരുന്നു.
English Summary: "Never Hit Him" vs "She Threw Shoes": What Woman, Zomato Agent Told