എന്റെ പേര് പുതുപ്പള്ളിയിൽ; നേമത്ത് മൽസരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല: ഉമ്മൻ ചാണ്ടി
Mail This Article
പുതുപ്പള്ളി∙ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ തന്റെ പേര് നേമത്ത് നിർദേശിച്ചിട്ടില്ല. ദേശീയ നേതൃത്വം ആരു മൽസരിക്കണമെന്നതിൽ ഇടപെടുകയുമില്ല. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികൾ വരണമെന്നാണ് ആഗ്രഹം. പ്രവർത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നേമത്ത് ആരു മത്സരിക്കണമെന്ന ചർച്ച നടക്കുകയാണ്. നേമത്തെക്കുറിച്ചുള്ള ചർച്ചകൾ ദിവസങ്ങളായി സജീവമായി നിൽക്കുന്നുണ്ട്. നേമത്ത് പല പേരും വരുന്നുണ്ട്. കോൺഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ പുതുപ്പള്ളിയിൽനിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയോടു നേമത്ത് മൽസരിക്കാൻ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശക്തമായ മൽസരം നടക്കുന്ന നേമത്ത് മുതിർന്ന നേതാക്കൾ ആരെങ്കിലും മൽസരിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയത്.
English Summary: High Command not asked me to contest from Nemam says Oommen Chandy