ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്; പുതുപ്പള്ളിയില്‍ പ്രതിഷേധം
Mail This Article
തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം പുതുപ്പള്ളിയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടി ഇന്ന് നാട്ടിലെത്തിയത്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയതോടെ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. നേമത്ത് മത്സരിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു.
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നതില്‍ പ്രതിഷേധം അറിയിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും അദ്ദേഹത്തെ പുതുപ്പള്ളിയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത്് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
English Summary: Congress high command demands Oommen Chandy to contest from Nemam