ഹൈക്കമാന്‍ഡ് എന്നാല്‍ വേണുഗോപാല്‍; തൃപ്തി കൊണ്ടല്ല തുടരുന്നത്: കെ. സുധാകരന്
Mail This Article
കണ്ണൂർ∙ ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ.സി.വേണുഗോപാലാണെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. വേണുഗോപാലിന് അദ്ദേഹത്തിന്റേതായ താൽപര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയിൽ കയറ്റി. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ല. ഇപ്പോൾ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണ്. തൃപ്തികൊണ്ടല്ല തുടരുന്നത് ചാനൽ അഭിമുഖത്തിൽ സുധാകരൻ തുറന്നടിച്ചു.
കാര്യക്ഷമതയും വിജയസാധ്യതയും നോക്കി, നിഷ്പക്ഷമായ പട്ടിക താൻ കൊടുത്തിരുന്നു. അതിൽ വലിയ ശതമാനം പേർ തള്ളിപ്പോയി. എന്തുകൊണ്ടു തള്ളിയെന്നു ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോൾ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. വിജയസാധ്യതയെക്കാൾ വേണ്ടപ്പെട്ടവർ എന്ന പരിഗണനയാണു നേതാക്കൾ നൽകിയത്. എഐസിസി നേതൃത്വത്തെ നേർവഴി കാണിക്കാൻ സ്ക്രീനിങ് കമ്മിറ്റിയിൽ അംഗങ്ങളാക്കിയ കേരളത്തിലെ നേതാക്കൾ അവരെ വഴി തെറ്റിക്കുകയാണുണ്ടായത്.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കാണ്. കെപിസിസി പ്രസിഡന്റും കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഈ നേതാക്കൾ പറയുന്നതു കേട്ട് ശാന്തമായി മാറിനിൽക്കുന്നയാളാണു മുല്ലപ്പള്ളി. ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും നിരാശയുണ്ടാക്കിയ സ്ഥാനാർഥിപ്പട്ടികയാണിത്. പട്ടിക വന്നതിനുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടു.
ഗ്രൂപ്പ് നോക്കി സ്ഥാനം നൽകണമെന്ന് നിർബന്ധം പിടിക്കാനാകില്ല. എങ്കിൽപോലും ഒരു ഗ്രൂപ്പിന് അവകാശപ്പെട്ടത് ആ ഗ്രൂപ്പിനു നൽകുകയാണു പതിവ്. ഇരിക്കൂറിൽ അതു ലംഘിക്കപ്പെട്ടു. തീരുമാനമെടുത്ത സമിതിയിൽ ഉമ്മൻചാണ്ടിയുമുണ്ടായിരുന്നു. സ്വാഭാവികമായി എ വിഭാഗം അസ്വസ്ഥരായി. ഇനി അവർക്കു നീതി ലഭിക്കുമെന്നു കരുതുന്നില്ല. കെ.വി.ഗോപിനാഥിനെ കാണാൻ ഉമ്മൻചാണ്ടി പോകേണ്ട കാര്യമില്ല. തന്നോടു പറഞ്ഞതു മാത്രമേ ഗോപിനാഥിന് ഉമ്മൻചാണ്ടിയോടും പറയാനുണ്ടാകൂ. പ്രശ്നപരിഹാരത്തിന് അവർ നിർദേശിച്ച ഫോർമുലകളിൽ ഒന്ന് അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേ അവിടുള്ളൂ. അരമണിക്കൂറിന്റെ കാര്യമേയുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനും സമയമില്ലെന്നാണു നേതൃത്വം പറഞ്ഞത്. നേതൃത്വത്തിന്റെ പരാജയമാണിത്.
രാവും പകലും പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ലതികാ സുഭാഷിന്റെ വികാരവും പ്രതിഷേധവും ന്യായമാണ്. അവർക്കു സീറ്റ് നൽകാത്തതിനു കോൺഗ്രസ് നേതൃത്വം ഘടകകക്ഷിയെ പഴിക്കുന്നതിൽ കാര്യമില്ല. കോൺഗ്രസിന്റെ തീരുമാനം ഘടകകക്ഷിയെ അംഗീകരിപ്പിക്കുന്നതിലാണു നേതൃ ഗുണം. മട്ടന്നൂരിൽ ആർഎസ്പി സ്ഥാനാർഥിയെ തിരുകിവച്ചത് താൻ ഉൾപ്പെടെ ജില്ലയിലെ ഒരു നേതാവിനോടും ആലോചിച്ചിട്ടല്ല. ആ മണ്ഡലത്തിൽ ആർഎസ്പിക്ക് ആരുമില്ല.
അങ്ങനെയുള്ളവരെ കോൺഗ്രസ് പ്രവർത്തകർ എങ്ങനെ തലയിൽ വച്ചു നടക്കും? പ്രവർത്തകരെ ബോധ്യപ്പെടുത്താൻ പ്രയാസമാണ്. സിപിഎം കോട്ടകളിലെ പാർട്ടി ഘടകങ്ങൾ ദുർബലമാവുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ മട്ടന്നൂരിൽ സംഭവിക്കും. തിരുവിതാംകൂറിലെ ആളുകളെ കൊണ്ടുവന്ന് മലബാറിൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്. അവിടെയും ജില്ലകളില്ലേ? താൻ വർക്കിങ് പ്രസിഡന്റ് എന്നാണു പറയുന്നത്. എന്നാൽ സ്വന്തം ജില്ലയിലെ കാര്യം പോലും ചർച്ച ചെയ്യുന്നില്ല. ദുഃഖപൂർണമാണ്. ഇപ്പോൾ ഇത്രയേ പറയുന്നുള്ളൂ. ബാക്കി വോട്ടടുപ്പിനുശേഷം പറയും.
പതിനയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷം കിട്ടുന്ന കണ്ണൂർ മണ്ഡലം വിട്ട് ഉദുമയിൽ പാർട്ടി കെട്ടിപ്പടുക്കാൻ അവിടെ മത്സരിച്ചയാളാണു താൻ. എന്നാൽ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ആലോചിച്ചിട്ടില്ലെന്നു സുധാകരൻ പറഞ്ഞു.
English Summary: K Sudhakaran speaks against KC Venugopal over seat allocation