മണ്ഡലം കൈവെള്ളയിലെങ്കിൽ കൈവിടില്ല; ഇതു വട്ടിയൂർക്കാവ്, ഇനി വട്ടം കറക്കുമോ?
Mail This Article
തിരുവനന്തപുരം∙ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂർക്കാവ്. ചില സാംപിളുകൾ: മണ്ഡലം രൂപീകൃതമായ 2011നു ശേഷമുള്ള രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച ആത്മവിശ്വാസത്തിലാണു കെ. മുരളീധരൻ ലോക്സഭയിൽ മത്സരിക്കാൻ പോയത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയി. സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനെ എഴുതിത്തള്ളിയവർക്കു ഫലം വന്നപ്പോൾ പൊള്ളി. അതിനു മുന്‍പ് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. മണ്ഡല ചരിത്രത്തില്‍ സിപിഎം ഇത്രയും പിന്നിലായത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനിലൂടെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് മൂന്നാം സ്ഥാനത്തായി.
ഗുണപാഠം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ചിന്തിക്കുന്ന മണ്ഡലം. മണ്ഡലത്തെ കൈവെള്ളയിൽവച്ചു നോക്കുന്നവരെ കൈവിടില്ല. വ്യക്തിപ്രഭാവവും നായർവോട്ടുകളും വികസന കാഴ്ചപ്പാടുകളും നിർണായകം.
നിയമസഭയിലേക്കു രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സിപിഎം സ്ഥാനാർഥി എം.വിജയകുമാറിനെ 1991 ല്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കു ചുരുക്കാന്‍ എന്‍എസ്എസിന്റെ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ സ്ഥാനാര്‍ഥി രവീന്ദ്രന്‍ തമ്പിക്കു കഴിഞ്ഞു. എന്‍ഡിപി ഇല്ലാതായെങ്കിലും നായര്‍ സമുദായത്തിന്റെ പിന്തുണ ആര്‍ക്കാണോ ആവര്‍ ജയിക്കുമെന്നതായിരുന്നു കഴിഞ്ഞ ഉപതിരഞ്ഞെടുപ്പു വരെ മണ്ഡലത്തിന്റെ പൊതുചിത്രം. ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സ് യുവത്വത്തിലേക്കും വികസന കാഴ്ചപ്പാടുകളിലേക്കും കൂടുമാറി. മണ്ഡലത്തിൽ വികസനം എത്തിക്കാനായി എന്ന പ്രതീതി നിലനിർത്തി പ്രചാരണത്തിൽ മുന്നേറാൻ എൽഡിഎഫിനു കഴിഞ്ഞിട്ടുണ്ട്. ആകർഷണീയനായ സ്ഥാനാർഥി എന്ന ഗുണവുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിനാണു മണ്ഡലത്തിൽ മുന്‍തൂക്കം. എൽഡിഎഫ്–37628, യുഡിഎഫ്–27191, എൻഡിഎ– 34780 എന്നിങ്ങനെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് മണ്ഡലത്തിൽ ലീഡ് ചെയ്തത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തും.
ജനകീയനായ മേയറായിരുന്നു ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട്. മേയറായ വി.കെ.പ്രശാന്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു മുഖ്യ പ്രചാരണ വിഷയം. മുൻ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായ സംഘടനാ സംവിധാനത്തിലെ പിഴവുകൾ പ്രശാന്ത് സ്ഥാനാർഥിയായതോടെ മാറി. സിപിഎമ്മിൽനിന്നു ചോർന്ന വോട്ടുകൾ തിരിച്ചെത്തിയതിനൊപ്പം വിവിധ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും മുന്നണിക്കായി. മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ പ്രശാന്ത് പുലർത്തുന്ന ജാഗ്രത മണ്ഡലം നിലനിർത്താന്‍ സഹായിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് എല്‍ഡിഎഫ്. പണി പൂർത്തിയായ 106 റോഡുകളുടെ പട്ടികയാണ് ദിവസങ്ങൾക്കുമുൻപ് എംഎൽഎ പുറത്തുവിട്ടത്.
മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി വേണമെന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായരെയാണു യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കെ.മുരളീധരന്റെ വരവാണ് മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചതെങ്കിൽ മുരളിയുടെ മടങ്ങിപ്പോക്കോടെ സംഘടനാ സംവിധാനം സജീവമല്ലാത്ത അവസ്ഥയിലാണ് വട്ടിയൂർക്കാവ്. അതിലൊരു മാറ്റമുണ്ടാക്കാനുള്ള തയാറെടുപ്പിലാണു പാർട്ടി. മുരളീധരനു കിട്ടിയ നിഷ്പക്ഷ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ മോഹന്‍ കുമാറിനു ലഭിച്ചില്ലെന്നു നേതൃത്വം പറയുന്നു. നായർ, ന്യൂനപക്ഷ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ഇതെല്ലാം പരിഹരിക്കാൻ ഇത്തവണ കഴിയുമെന്നു നേതൃത്വം വിശ്വസിക്കുന്നു.
കുമ്മനം രണ്ടാമതെത്തിയ മണ്ഡലം പിടിക്കാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെയാണ്. കേന്ദ്രത്തില്‍ ബിജെപി തരംഗം ഉണ്ടായ 2014 ലാണ് മണ്ഡലത്തിലും ബിജെപിക്ക് അനുകൂലമായ തംരഗമുണ്ടാകുന്നത്. 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് നേടിയ 12,934 വോട്ട് 2014 ല്‍ ഒ.രാജഗോപാല്‍ 43,589 ആയി ഉയര്‍ത്തി. 2019 ല്‍ കുമ്മനം നേടിയത് 50,709 വോട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേരീതിയില്‍ വോട്ടുകള്‍ വര്‍ധിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വി.വി.രാജേഷ് നേടിയത് 13,494 വോട്ട്. 2016 ല്‍ കുമ്മനത്തിനു ലഭിച്ചത് 43,700 വോട്ട്. ഉപതിരഞ്ഞെടുപ്പിൽ അത് 27,453 ആയി കുറഞ്ഞു.
ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് ഭൂരിപക്ഷം. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍ 1,95,601. ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. ഇതില്‍ ക്രൈസ്തവ വിഭാഗത്തിന് മണ്ഡലത്തില്‍ സ്വാധീനമുണ്ട്.
2011 ലെ തിരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പ്പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്. പഞ്ചായത്തുകള്‍ കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി.
English Summary: Political Scene in Vattiyoorkavu Constituency