‘കീറിയ ജീൻസ്’ വിവാദം; ‘കണ്ടുപഠിക്കാൻ’ കങ്കണ, മോദിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രിയങ്ക
Mail This Article
ഡെറാഡൂൺ∙ കീറിയ ജിൻസ് ധരിക്കുന്ന സ്ത്രീകൾ വരും തലമുറയ്ക്ക് എന്തു മൂല്യമാണ് നൽകുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ വിവാദ പ്രസ്താവനയിൽ ട്വിറ്ററിൽ അമർഷം പുകയുന്നു. #RippedJeans എന്ന ഹാഷ്ടാഗോടെ കീറിയ ജീൻസ് ധരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. അതേസമയം ‘അതാ, അവർ കാൽമുട്ടു കാണിക്കുന്നു’ എന്ന തലക്കെട്ടോടെ പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
നേരത്തേ, വിവാദത്തിൽ തീരഥ് സിങ്ങിനെ പിന്തുണച്ച് നടി കങ്കണ റണൗട്ടും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ–സിനിമാ താരങ്ങളുൾപ്പെടെ രംഗത്തെത്തിയതോടെ ‘കീറിയ ജീൻസ്’ വിവാദം പുതിയ തലങ്ങളിലേക്കുയരുകയാണ്. കീറിയ ജീൻസ് ധരിച്ച പെൺകുട്ടികളുടെ വിവിധ പോസുകളിലുള്ള നിരവധി ചിത്രങ്ങളാണ് തീരഥിന്റെ പരാമർശനത്തിനു ശേഷം ഒഴുകുന്നത്. ഇത്തരത്തിൽ പരസ്യമായി അപകീർത്തി പ്രസ്താവനകൾ നടത്തുന്നവരെയാണോ ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
അതിനിടെ തീരഥ് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭ എംപിയും നടിയുമായ ജയാ ബച്ചനും രംഗത്തുവന്നു. ഇത്തരത്തിലുള്ള മാനസികാവസ്ഥയാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിപ്പിക്കുന്നതെന്നും ജയാബച്ചൻ തുറന്നടിച്ചു. ‘ഉയർന്ന പദവികളിൽ ഇരിക്കുന്നവർ നന്നായി ചിന്തിച്ചതിനു ശേഷമേ പൊതു പ്രസ്താവനകൾ ഇറക്കാവൂ. നിങ്ങൾ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നു, ഇത്തരത്തിൽ മോശമായ ചിന്താഗതിയാണ് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നത്.’– ജയാബച്ചൻ പറഞ്ഞു.
അതേസമയം നിങ്ങൾക്ക് കീറിയ ജീൻസ് ധരിക്കണമെങ്കിൽ തന്നെ മാതൃകയാക്കാൻ ആവശ്യപ്പെട്ട് കങ്കണ റനൗട്ടും രംഗത്തുവന്നു. ‘കൂൾ ലുക്കിനു വേണ്ടിയാണു നിങ്ങൾ കീറിയ ജീൻസ് ധരിക്കുന്നതെങ്കിൽ എന്റെ ഈ ചിത്രങ്ങളിലേതു പോലെ വസ്ത്രം ധരിക്കൂ. അല്ലാതെ ഇന്നത്തെ പുതുതലമുറ ചെയ്യുന്നതുപോലെ മാതാപിതാക്കളുടെ കയ്യിൽനിന്ന് പണം ലഭിക്കാത്തതിനാൽ വീടില്ലാതെ അലയുന്ന ഭിക്ഷക്കാരെപ്പോലെ അല്ല ജീൻസ് ധരിക്കേണ്ടത്.’– തന്റെ മൂന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കങ്കണ ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ജീൻസുകൾ വാങ്ങാനാണ് അവർ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കുമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയിലുടനീളം കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം ഉയരുന്നുണ്ട്. ശിവസേനയുടെ രാജ്യസഭ എംപി പ്രിയങ്ക ചതുർവേദി, ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ തുടങ്ങിയവരും പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു.
English Summary :#RippedJeansTwitter Trends After Uttarakhand Chief Minister's Comments