ADVERTISEMENT

കൊച്ചി ∙ ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്. 2018– 19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ബിജെപിക്കുള്ളത് 2904.18 കോടി രൂപയുടെ ആസ്തിയാണ്. 7 ദേശീയ പാർട്ടികൾക്കും ചേർന്നുള്ള സമ്പത്തിന്റെ 54.29% ബിജെപിയുടെ കയ്യിലാണ്. കോൺഗ്രസിനുള്ളത് 928.84 കോടി രൂപയുടെ ആസ്തി; 17.36% മാത്രം. ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) 738 കോടി രൂപയുടെ സ്വത്തുണ്ട്; 13.80%.

രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച കണക്കുകൾ വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഓരോ പാർട്ടിയുടെയും ആസ്തി വെളിപ്പെടുത്തിയത്. 7 ദേശീയ പാർട്ടികൾക്ക് 5349.25 കോടി രൂപയുടെയും 41 പ്രാദേശിക പാർട്ടികൾക്ക് 2073.71 കോടി രൂപയുടെയും ആസ്തിയാണുള്ളത്. ദേശീയ പാർട്ടികളിൽ സിപിഎം (510.71 കോടി), തൃണമൂൽ കോൺഗ്രസ് (210.19 കോടി), എൻസിപി (32.01 കോടി), സിപിഐ (25.32 കോടി) എന്നിങ്ങനെയാണു സ്വത്ത്.

പ്രാദേശികമായി എസ്പി മുന്നിൽ

പ്രാദേശിക പാർട്ടികളിൽ സമാജ്‌വാദി പാർട്ടിയാണ് (എസ്പി) ഏറ്റവും വലിയ പണക്കാരൻ. 572.21 കോടി രൂപയാണ് എസ്പിയുടെ ആസ്തി. പ്രാദേശിക പാർട്ടികളുടെ മൊത്തം ആസ്തിയുടെ 28.28% എസ്പിയുടെ കയ്യിലാണ്. ബിജെഡി (232.27 കോടി), അണ്ണാ ഡിഎംകെ (206.75 കോടി) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

തെലുങ്കുദേശം (193.27കോടി), ഡിഎംകെ (190.38 കോടി), ടിആർഎസ് (188.73 കോടി), ശിവസേന (173.08 കോടി), വൈഎസ്‌ആർ കോൺഗ്രസ് (93.49 കോടി), ജെഡിഎസ് (38.01 കോടി), ജെഡിയു (32.81 കോടി), ആം ആദ്മി പാർട്ടി (10.11കോടി), മുസ്‌ലിം ലീഗ് (5.43 കോടി) എന്നിങ്ങനെയാണു പ്രദേശിക പാർട്ടികളുടെ ആസ്തികൾ.

സ്ഥിര നിക്ഷേപത്തിൽ ബിഎസ്പി മുന്നിൽ

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപം ബഹുജൻ സമാജ്‌വാദി പാർട്ടിക്കാണ്– 608.27 കോടി രൂപ. ബിജെപി (573.77 കോടി), കോൺഗ്രസ് (218.65 കോടി) എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ സ്ഥിര നിക്ഷേപ കണക്ക്. പ്രാദേശിക പാർട്ടികളിൽ എസ്പിക്കാണ് ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപമുള്ളത്– 454.46 കോടി. അണ്ണാ ഡിഎംകെ (185.90 കോടി), ഡിഎംകെ (169.19 കോടി), ബിജെഡി (140.15 കോടി) എന്നിവരാണു തൊട്ടു പിന്നിൽ.

കരുതൽ നിക്ഷേപത്തിലും ബിജെപി മുന്നിൽ

കരുതൽ നിക്ഷേപത്തിന്റെ (കാപ്പിറ്റൽ / റിസർവ് ഫണ്ട്) കാര്യത്തിലും ബിജെപി തന്നെയാണു മുന്നിൽ. 2866.72 കോടി രൂപയുടെ കരുതൽ നിക്ഷേപമാണു ബിജെപിക്കുള്ളത്. മറ്റു പാർട്ടികൾക്കുള്ള കരുതൽ നിക്ഷേപം: കോൺഗ്രസ് – 850.43 കോടി, ബിഎസ്പി– 735.77 കോടി, സിപിഎം– 507.33 കോടി, തൃണമൂൽ കോൺഗ്രസ്– 199.61 കോടി, എൻസിപി– 31.05 കോടി, സിപിഐ– 24.87 കോടി.

കോൺഗ്രസിനു ബാധ്യതയേറെ

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോൺഗ്രസിനാണ്– 78.42 കോടി. ബാങ്കുകളിൽ കടം വാങ്ങിയതും ഓവർ ഡ്രാഫ്റ്റും ഉൾപ്പെടെയുള്ള തുകയാണിത്. ബിജെപി– 37.44 കോടി, തൃണമൂൽ കോൺഗ്രസ്– 10.59 കോടി, സിപിഎം 3.38 കോടി, ബിഎസ്പി– 2.23കോടി, എൻസിപി– 0.96 കോടി, സിപിഐ– 0.45 കോടി.

English Summary: BJP accounted for over half of assets declared by national parties in 2018-2019: report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com