ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ലോക്ഡൗൺ കാലത്ത് എത്ര പേർക്കു ജോലി നഷ്ടമുണ്ടായി എന്നതിന് കേന്ദ്രസർക്കാരിനു കണക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഇതു സംബന്ധിച്ച് രാജ്യസഭയിലും ലോക്സഭയിലും വന്ന 30ലേറെ ചോദ്യങ്ങൾക്ക് തൊഴിൽമന്ത്രാലയം നൽകുന്ന ഉത്തരം ഒന്നുമാത്രം: ‘കോവിഡ് മഹാമാരി ലോകത്തിലെ വിവിധ സമ്പദ്‌വ്യവസ്ഥകളെ ദോഷകരമായി ബാധിച്ചതു പോലെ ഇന്ത്യയെയും ബാധിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. ആത്മനിർഭർ പദ്ധതി പ്രകാരം 27 ലക്ഷം കോടി രൂപ വിവിധ പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്.’

എത്ര തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് വീണ്ടും ചോദിച്ചവർക്ക് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്‌വാർ എഴുതി നൽകിയ മറുപടികളിലെല്ലാം 2017–18, 2018–19 കാലയളവിൽ തൊഴിലില്ലായ്മ യഥാക്രമം 6.0%, 5.8% എന്നിങ്ങനെയായിരുന്നുവെന്നു മാത്രമേ മറുപടിയുള്ളൂ. വിവിധ സംഘടനകളും ഏജൻസികളും നടത്തിയ പഠനങ്ങളിൽ കോവിഡ് ലോക്ഡൗൺ കാലത്ത് അസംഘടിത മേഖലയിലും ഔപചാരിക മേഖലയിലും (മാസശമ്പളമുള്ള ജോലികൾ) വലിയ തോതിൽ ജോലി നഷ്ടമുണ്ടായെന്നു കണക്കുകളുണ്ടായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തുന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) പഠനങ്ങളിൽ 2020 മാർച്ച് 25നു ലോക്ഡൗൺ തുടങ്ങിയ ശേഷം എല്ലാ മേഖലകളിലും തൊഴിൽനഷ്ടമുണ്ടായിട്ടുണ്ട്.

ലോക്ഡൗൺ ഘട്ടം ഘട്ടമായി എടുത്തുകളഞ്ഞ ജൂൺ മുതൽ ചെറിയ പുരോഗതിയുണ്ടായെങ്കിലും കോവിഡിനു മുൻപുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ല. അവരുടെ കണക്കുകൾ പ്രകാരം 2020 ജൂലൈയിൽ ശമ്പളം കിട്ടുന്ന ജോലികളിൽ 18.9 ദശലക്ഷം ജോലികളുടെ കുറവുണ്ടായി. ചെറുകിടകച്ചവടക്കാർ, ദിവസക്കൂലിക്കാർ എന്നിവരിൽ 6.8 ദശലക്ഷത്തിന്റെ കുറവാണ് ജോലികളിൽ സംഭവിച്ചത്. കർഷകരിൽ 14.9 ദശലക്ഷത്തിനു തൊഴിൽ വരുമാനമില്ലാതായി. ബിസിനസുകാരിൽ ഒരുലക്ഷത്തോളം പേർക്ക് ബിസിനസുകൾ നഷ്ടപ്പെട്ടു. ജോലിനഷ്ടം മൂലമുണ്ടായ സാമ്പത്തിക ആഘാതം എല്ലാ മേഖലകളെയും ബാധിച്ചു. പാവപ്പെട്ടവർക്ക് വരുമാനമില്ലാതായതോടെ ആവശ്യകത കുറഞ്ഞത് കമ്പനികളെ ഉൽപാദനം കുറയ്ക്കാനും ലേ ഓഫുകൾക്കും പ്രേരിപ്പിച്ചു. തൊഴിൽമേഖലയിലെ വനിതകൾ 6.9 ശതമാനമായി കുറഞ്ഞുവെന്ന് മറ്റൊരു പഠനത്തിൽ സിഎംഐഇ കണ്ടെത്തിയിരുന്നു. 

കോവിഡിനു മുൻപുണ്ടായിരുന്നതിൽ 17% ആൾക്കാർക്കു മാത്രമേ ലോക്ഡൗണിനു ശേഷം ജോലി നിലനിർത്താനും കുറഞ്ഞതോതിലെങ്കിലും വരുമാനമുണ്ടാക്കാനും കഴി‍ഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഇന്ത്യൻ സ്കൂൾ ഓഫ് ഡവല്പ്മെന്റും ഇംപാക്ട് എന്ന എൻജിഒയും രാജ്യത്തെ 900 ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത്. 10ൽ നാലു വീടുകളും പുറത്തു നിന്നുള്ള സഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയാണ്. ലോക്ഡൗൺ തുടങ്ങിയ ആഴ്ചകളിൽ യഥാക്രമം 23.8%, 23.4%, 24%, 26.2% എന്നിങ്ങനെയായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് (അവലംബം: സിഎംഐഇ പഠനം). ലോക്ഡൗൺ കാലത്ത് 121.5 ദശലക്ഷം ജോലികൾ വിവിധ മേഖലകളിൽ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു. ഇത്തരം കണക്കുകളൊന്നും കേന്ദ്രസർക്കാരിന്റെ മറുപടികളിൽ ഇടം നേടിയിട്ടില്ല.

3 വർഷത്തിനിടെ ഇന്ത്യയിൽ 90 ലക്ഷം ജോലികളില്ലാതായെന്ന റിപ്പോർട്ടുകൾ ശരിയാണോ എന്നതു സംബന്ധിച്ച രമ്യ ഹരിദാസിന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക സർക്കാരിന്റെ മുൻഗണനയാണ് എന്നാണു മറുപടി ലഭിച്ചത്. മറ്റൊരു ചോദ്യത്തിനു മറുപടിയായി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ 2,55,384 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മറുപടി പറയുന്നു. അതേസമയം, ഔചപാരിക മേഖലയിൽ തൊഴിലുകൾ നഷ്ടപ്പെട്ടതായി സർക്കാർ സമ്മതിക്കുന്നുണ്ട്. ഇപിഎഫ്ഒയുടെ 71.01 ലക്ഷം അക്കൗണ്ടുകൾ കഴിഞ്ഞ വർഷം ഏപ്രിലിനും ഡിസംബറിനുമിടയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇതു പൂർണമായും തൊഴിൽനഷ്ടമല്ലെങ്കിലും ആ ഗണത്തിൽപ്പെട്ടവയും ഇക്കൂട്ടത്തിലുണ്ടെന്ന് മറുപടികളിൽ സൂചിപ്പിക്കുന്നു. 7,101,929 അക്കൗണ്ടുകളാണ് കഴിഞ്ഞ വർഷം ഇപിഎഫ്ഒയിൽ നിന്ന് പിന്മാറിയിട്ടുള്ളത്.

Content Highlight: Unemployment in India during Covid-19 Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com