‘സ്വന്തക്കാരനായ പിണറായി ഇതു പറയില്ല; സൊമാലിയ വിളിക്ക് മോദി മാപ്പു പറയണം’
Mail This Article
ന്യൂഡൽഹി∙ ‘പ്രിയ മോദിജീ, കേരളത്തിലെത്തിയല്ലോ, വോട്ട് ചോദിക്കുന്നതിന് മുൻപ് രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നിനെ സൊമാലിയ എന്ന് വിളിച്ചതിന് മാപ്പുചോദിക്കണം. നിങ്ങളുടെ സഹോദരതുല്യമായ സ്വന്തക്കാരൻ പിണറായി വിജയൻ ഇത് ആവശ്യപ്പെടില്ല. പക്ഷേ, കേരളത്തോട് മാപ്പുചോദിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു..’ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒരുപോലെ വിമർശിച്ചുകൊണ്ടാണ് പരിഹാസം കലർന്ന അദ്ദേഹത്തിന്റെ ട്വീറ്റ്. മുൻപ് കേരളത്തെ സൊമാലിയയുമായി മോദി താരതമ്യം ചെയ്തത് വലിയ വിവാദമായിരുന്നു. ഇൗ വാർത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.
പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് സുർജേവാല ട്വിറ്ററിൽ ഉയർത്തുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ച പകുതിയായി കുറഞ്ഞെന്നും കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയിലെ തന്നെ ഏറ്റവും കുറവാണെന്നും പറയുന്നു. കേരളത്തിന്റെ കാർഷിക വളർച്ച പിന്നോട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ശബരിമലയില്‍ അയ്യപ്പഭക്തരെ വേട്ടയാടിയത് മറക്കരുതെന്ന് ഒാര്‍മിപ്പിച്ച് ഇരുമുന്നണികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. വികസനത്തിന് അതിവേഗ മന്ത്രമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പാലക്കാട്ടെത്തിയതായിരുന്നു പ്രധാനമന്ത്രി.
English Summary : Randeep Singh Surjewala demads apology from Narendra Modi on his 'Somalia' reference