ADVERTISEMENT

വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ, പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ സൈന്യത്തെ ഉപയോഗിച്ച്  മുൻകാലത്തേക്കാളധികം നേരിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. യുഎസ് കോൺഗ്രസിലേക്കുള്ള വാർഷിക ത്രെട്ട് അസസ്മെന്റ് റിപ്പോർട്ടിലാണ് ഓഫിസ് ഓഫ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് (ഒഡിഎന്‍ഐ) ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായേക്കില്ല. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായേക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ട് അണ്വായുധ രാജ്യങ്ങൾ തമ്മിലുള്ള ആശങ്കകൾ കശ്മീരിലെ സംഘർഷങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും വർധിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും 2019 ഓഗസ്റ്റിൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണർമാരെ പിൻവലിച്ചിരുന്നു. നിലവിൽ രണ്ടിടത്തും ഹൈക്കമ്മിഷണർമാരില്ല.

പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപ രഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അത്തരമൊരു സാഹചര്യമാണ് ഇസ്‍ലമാബാദ് സൃഷ്ടിക്കേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ലോകരാജ്യങ്ങളെ ഒന്നടങ്കം ഉത്കണ്ഠാകുലരാക്കുന്നതാണ്. ഇസ്രയേലും ഇറാനും തമ്മിൽ ആവർത്തിച്ചുണ്ടാകുന്ന കലാപങ്ങളും ലിബിയയിൽ വിദേശശക്തികൾ നടത്തുന്ന ഇടപെടലുകളും ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സംഘർഷങ്ങളും വ്യാപിക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതായും യുഎസ് റിപ്പോർട്ടിൽ പറയുന്നു.

English Summary: Crises Between India, Pak Likely To Intensify: US Intelligence Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com