ADVERTISEMENT

ഡെറാഡൂൺ∙ ഹരിദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയെ നിസാമുദ്ദീൻ മർകസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത്. കുംഭമേളയും നിസാമുദ്ദീൻ മർകസും തമ്മിൽ ഒരു താരതമ്യവും പാടില്ല. നിസാമുദ്ദീൻ മർകസ് അടഞ്ഞ സ്ഥലത്താണ് നടന്നത്. വിദേശികളും പങ്കെടുത്തിരുന്നു. അതേസമയം കുംഭമേള ഗംഗാ തീരത്തെ തുറന്ന പ്രദേശത്താണ് നടക്കുന്നത്– അദ്ദേഹം പറഞ്ഞു. കുംഭമേളയേയും നിസാമുദ്ദീൻ മർകസിനെയും തമ്മിൽ താരതമ്യം ചെയ്തുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുംഭമേളയിൽ പങ്കെടുക്കുന്നവര്‍ പുറത്തുനിന്നുള്ളവരല്ല, നമ്മുടെ സ്വന്തം ആളുകളാണ്. മാത്രമല്ല, മർകസ് നടന്നപ്പോൾ കോവിഡിനെ കുറിച്ചോ മാർഗനിർദേശങ്ങളെ കുറിച്ചോ കൂടുതൽ അവബോധമുണ്ടായിരുന്നില്ല. ഇപ്പോൾ കോവിഡിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെക്കുറിച്ചും കൂടുതൽ അവബോധമുണ്ട്. കുംഭമേള ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് വെല്ലുവിളികൾക്കിടയിൽ ഇത് വിജയകരമായി നടത്തുകയും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പിന്തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന ഉണ്ടെന്നും എന്നാൽ വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകൾ ഉയർന്നെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേങ്ങൾ പാലിക്കുന്നുണ്ട്. കുംഭമേള നടക്കുന്നിടത്ത് വലിയ തോതിൽ മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിദ്വാറിൽ പ്രവേശിച്ച് മേളയിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിന് മുൻപ് ആളുകളെ അതിർത്തിയിൽ പരിശോധിക്കുന്നു. കോവിഡ് റാൻഡം ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം സംവിധായകൻ രാംഗോപാൽ വർമ കുംഭമേളയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇത് ഒരു കൊറോണ ആറ്റം ബോംബാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

English Summary: Kumbh And Markaz Should Not Be Compared: Uttarakhand Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com