കുംഭമേളയിൽ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച് മരിച്ചു
Mail This Article
ഹരിദ്വാർ∙ കുംഭമേളയിൽ പങ്കെടുത്ത മുതിർന്ന സന്യാസി കോവിഡ് ബാധിച്ച് മരിച്ചു. ഇതിനു പുറമേ എൺപതോളം സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഹരിദ്വാറിൽ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കുംഭമേള നടത്തുന്നത്.
ഇതുവരെ രണ്ടായിരത്തോളം പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ മഹാ അഖാഡ മുഖ്യമസന്യാനി കപിൽ ദേവും കോവിഡ് ബാധിച്ച് ഏപ്രിൽ 13ന് ആശുപത്രിയിൽ മരിച്ചിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മേളയിൽനിന്ന് പിന്മാറുന്നതായി സന്യാസി വിഭാഗമായ നിരഞ്ജനി അഖാഡ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെഹ്രി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടന്ന ‘ഷാഹി സ്‌നാനിൽ’ പങ്കെടുത്ത 48.51 ലക്ഷം ആളുകളിൽ ഭൂരിഭാഗം പേരും മാസ്ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചിരുന്നു.
English Summary: Top Seer At Kumbh Mela In Haridwar Dies Of COVID-19