ഭർത്താവിനെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടു; ഭാര്യ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
Mail This Article
തെങ്കാശി ∙ തമിഴ്നാട് തെങ്കാശിയിൽ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ മൂന്നു വർഷത്തിനു ശേഷം പിടിയിൽ. തെങ്കാശി കുത്തുകൽ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകം. കാമുകന്റെ ഒപ്പം താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
തെങ്കാശി കുത്തുകൽ ഗ്രാമത്തിലെ കാളിരാജ് എന്നയാൾ നാലു വർഷം മുൻപാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വർഷം മുൻപു പെട്ടെന്ന് കാണാതായി. കാളിരാജ് നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.
അതിനിടയ്ക്കു കാളിരാജിന്റെ സുഹൃത്തായ ഒരാൾക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയിൽപെട്ട പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്.
മണ്ണുമാന്തി നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ കൂട്ടുനിന്ന കാമുകൻ, സഹായം നൽകിയ രണ്ടു സുഹൃത്തുക്കൾ എന്നിവരും പിടിയിലായി.
English Summary : Wife who killed husband and buried infront of house arrested after 3 years