കൊന്നത് ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ല; ഭയംമൂലം ആത്മഹത്യ ചെയ്തില്ല: സനുവിന്റെ മൊഴി
Mail This Article
കൊച്ചി ∙ മകള്‍ വൈഗയെ കളമശേരി മുട്ടാർ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനു മോഹനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിഗമനം. സനുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു പൊലീസിനു മൊഴി നല്‍കി. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സനു വിശദീകരിച്ചു.
കർണാടകയിലെ കാർവാറിൽനിന്ന് ഞായറാഴ്ച പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണു കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു.
സനു മോഹനെ ഇന്നലെ രാത്രി വൈകി കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലർച്ചെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രാവിലെ 11.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മാധ്യമങ്ങളെ കാണും. സനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റർ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരിൽ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.
English Summary: Vaiga death case updates