‘ഞാനൊരു കമ്യൂണിസ്റ്റാണ്... പണ്ടേ അങ്ങനെയായിരുന്നു...’; 2018ൽ മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖം
Mail This Article
സോളർ പാനൽ പോലെയാണു പിള്ള. വെയിലുള്ളപ്പോൾ ഊർജം സംഭരിക്കും. വെയിൽ താണ്, ആവശ്യം വരുമ്പോൾ അതെടുത്തു പയറ്റും. നാക്കും വാക്കും പിള്ള അതിനായി അതിവേഗം വഴക്കിയെടുക്കും. പാളയിൽ കിടന്നതും പണ്ടു പറഞ്ഞതും ചിലപ്പോൾ മറന്നേക്കാം. അതു രാഷ്ട്രീയത്തിലെ നാട്ടുനടപ്പ്. കേരള രാഷ്ട്രീയം എന്ന എക്സ്പ്രസ് ഹൈവേയിൽ കണ്ടെയ്നർ ലോറികൾക്കൊപ്പം പായാൻ കേരള കോൺഗ്രസ് (ബി) എന്ന കൊച്ചുവണ്ടിയേ കയ്യിലുള്ളൂവെങ്കിലും നാക്കിന്റെ ശക്തി കൊണ്ട് ടോപ് ഗിയറിൽ തന്നെ പായും കീഴൂട്ട് രാമൻപിള്ള ബാലകൃഷ്ണപിള്ള എന്ന ആർ. ബാലകൃഷ്ണപിള്ള. സൂര്യൻ ജ്വലിച്ചുനിൽക്കുന്ന കുംഭമാസത്തിൽ ജനിച്ച പൂരാടം നക്ഷത്രക്കാരന്റെ ശതാഭിഷേകവേളയിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽനിന്ന്.
ആയിരം പൂർണചന്ദ്രന്മാരെ കണ്ടു എന്നു കണക്ക്. പിള്ള ചന്ദ്രനെ കണ്ടതാണോ ആ നാക്കു കണ്ടു പൂർണചന്ദ്രൻ പിള്ളയെ എത്തിനോക്കിയതാണോ എന്നറിയാൻ പിള്ളയുടെ ശക്തജാതകം വായിക്കണം. കാരണം, ഇന്നലെയും പിള്ള പറഞ്ഞു: ‘ഞാനൊരു കമ്യൂണിസ്റ്റാണ്... പണ്ടേ അങ്ങനെയായിരുന്നു...’ ഒന്നും കാണാതെ പിള്ള ഇങ്ങനെ പറയില്ലെന്ന് ആളിനെ അറിയാവുന്നവർക്കറിയാം (പന്ത്രണ്ടാം വയസ്സിൽ തിരുവിതാംകൂർ വിദ്യാർഥി യൂണിയനിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കഥയാണ് ഓർമിപ്പിക്കുന്നത്. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് പി.കെ.വാസുദേവൻ നായർ ആയിരുന്നു അന്നു യൂണിയൻ പ്രസിഡന്റ്).
പുരയ്ക്കു മീതേ വളർന്നാൽ സ്വർണം കായ്ക്കുന്ന മരമാണെങ്കിലും വെട്ടണമെന്നു പണ്ടു പറഞ്ഞപ്പോൾ തെറിച്ചതു മകൻ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിക്കസേരയാണ്. അതേ അച്ഛൻ, പിന്നീടു മകനെ മന്ത്രിക്കസേരയിൽ തിരികെ കൊണ്ടുവരാനും നാക്കെടുത്തു ചുഴറ്റി. യുഡിഎഫിൽ നിന്നു പിണങ്ങിയിറങ്ങി എൽഡിഎഫിലെത്താനായിട്ടില്ലെങ്കിലും സർക്കാർ നൽകിയ ‘കാബിനറ്റ് റാങ്കി’ ന്റെ തലപ്പൊക്കത്തിൽ പിള്ള വീണ്ടും ഇടതുപക്ഷക്കാരനായി മാറുന്നു. 1977ലും 80ലും സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്കൊപ്പം നിന്നതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ട്.
ഒൻപതു തവണ നിയമസഭയിലേക്കും ഒരുതവണ ലോക്സഭയിലേക്കും ജയിച്ചു പോയ (മൂന്നുതവണ തോറ്റു) പിള്ളയുടെ പേരിൽ റിക്കോർഡുകൾ ഒട്ടേറെ. പ്രായം ഇരുപത്തഞ്ചിൽ നിൽക്കേ, ഏറ്റവും കുറഞ്ഞ പ്രായത്തിൽ നിയമസഭയിലേക്കു ചെന്നതു മുതൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ പോയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവ് എന്നതു വരെ. എല്ലാ വിശേഷണങ്ങൾക്കുമപ്പുറം മറ്റൊന്നു കൂടിയുണ്ടു പിള്ളയ്ക്ക്. സ്നേഹിച്ചാൽ ഉയിരു പറിച്ചു തരും. പിണക്കിയാൽ, കൊട്ടാരക്കരയിലെ ആ പഴയ മാടമ്പിത്തരം പുറത്തുവരും. മുന്നാക്ക വികസന കോർപറേഷൻ ചെയർമാന്റെ ശതാഭിഷേക നാളിൽ വാളകത്തെ തറവാട്ടിൽ ആഘോഷങ്ങളൊന്നുമില്ല. ഭാര്യ വത്സലാമ്മ മരിച്ചിട്ടു മൂന്നു മാസമായതേയുള്ളൂ.
വാഴക്കൂമ്പിന്റെ പോള വിരിഞ്ഞുനിൽക്കുന്നതു പോലെ ഷർട്ടിന്റെ കോളർ പിറകിൽ പൊക്കിവച്ചു പിള്ള സംസാരിച്ചു:
∙ ജീവിതത്തിൽ ഏറ്റവും ദുഃഖം തോന്നിയ അനുഭവം ഏതാണ്?
നാടു നന്നാക്കാൻ പോയി ജയിലിലായത്. ഇടമലയാർ പദ്ധതിയിൽ സർക്കാരിനു നഷ്ടമുണ്ടായിട്ടില്ല. പിന്നെ എന്തിനായിരുന്നു എനിക്കു ശിക്ഷ? ശമ്പളം വാങ്ങാതെ, സർക്കാർ വസതിയിൽ താമസിക്കാതെ നാടു നന്നാക്കാനിറങ്ങിയ എനിക്കു ജയിൽ ശിക്ഷ. വല്ലാത്ത ദുഃഖമുണ്ട്.
∙ ഏറ്റവും വലിയ നാവുപിഴ ഏതെന്നു ചോദിച്ചാൽ?
നാവുപിഴ ഒന്നും പറ്റിയിട്ടില്ല. പറഞ്ഞതു 100% ശരിയാണ്. അന്നു ഞാൻ പറഞ്ഞത് ഇന്നു നൂറു ശതമാനം ശരിയല്ലേ? നമുക്ക് ഇന്നും ഒരു റെയിൽ കോച്ച് ഫാക്ടറി ഉണ്ടോ... കോച്ച് ഫാക്ടറി വന്നിരുന്നുവെങ്കിൽ കേരളത്തിന് അതു വലിയ നേട്ടമായേനെ. ഞാൻ പറഞ്ഞതു ശരിയാണെന്നു പിന്നീടു പലരും പറഞ്ഞില്ലേ. പിള്ള പറഞ്ഞതു ശരിയല്ലേ എന്നു ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചത് ഓർമയില്ലേ? (വിവാദമായ ‘പഞ്ചാബ് മോഡൽ’ പ്രസംഗം ചൂണ്ടിക്കാട്ടി).
∙ ഇടമലയാർ കേസിൽ താങ്കൾക്കെതിരെ കേസ് നടത്തിയ വി.എസ്.അച്യുതാനന്ദനും താങ്കളും ഇപ്പോൾ കാബിനറ്റ് പദവിയിൽ. എന്തു തോന്നുന്നു... വിഎസുമായി എങ്ങനെയാണ് ആ മുറിവുണ്ടായത്?
കാബിനറ്റ് റാങ്കാണെങ്കിലും സ്വന്തം കാറിലാണ് എന്റെ യാത്ര. ശമ്പളമോ സിറ്റിങ് ഫീസോ വാങ്ങുന്നില്ല. സ്റ്റാഫംഗങ്ങൾ രണ്ടുപേർ മാത്രം. പ്രത്യേക ഓഫിസ് ഇല്ല. സർക്കാർ ഫോൺ പോലുമില്ല. വിഎസിനോട് എനിക്കു പ്രത്യേകിച്ചു മുറിവോ വിദ്വേഷമോ ഇല്ല. ഞാൻ അദ്ദേഹത്തിന് ഒരു ദോഷവും ചെയ്തിട്ടില്ല. 1981ൽ നായനാർ മന്ത്രിസഭയുടെ പതനത്തിനു ശേഷം ഞാൻ കെ.കരുണാകരനൊപ്പം കൂടി. വിഎസ് അന്നു പാർട്ടി സെക്രട്ടറി. അതിന്റെ മുറിവായിരിക്കാം വിഎസിന്.
∙ മകന്റെ മന്ത്രിസ്ഥാനം കളയാൻ നിന്ന അച്ഛൻ എന്ന പേരുണ്ടല്ലോ?
അതു പാർട്ടിയുടെ അച്ചടക്കത്തിന്റെ ഭാഗമാണ്. രാഷ്ട്രീയത്തിൽ മകനോ മക്കളോ ഇല്ല. പാർട്ടിക്കു ലഭിച്ച മന്ത്രിസ്ഥാനം പാർട്ടിക്ക് ഉപദ്രവമായി മാറിയപ്പോൾ, മന്ത്രിക്കു പാർട്ടിയുമായി ബന്ധമില്ലാത്ത നില വന്നപ്പോൾ ആ മന്ത്രിസ്ഥാനം വേണ്ടെന്നു തീരുമാനിച്ചു.
∙ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും എങ്ങനെ താരതമ്യം ചെയ്യും?
ഉമ്മൻ ചാണ്ടി അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാനത് അംഗീകരിക്കില്ല. പക്ഷേ, ഉമ്മൻ ചാണ്ടി അഴിമതിക്കു കൂട്ടുനിൽക്കുന്നുവെന്നു പറഞ്ഞാൽ നൂറു ശതമാനം ശരിയാണ്.
പിണറായി വിജയൻ പറഞ്ഞാൽ പറഞ്ഞതാണ്. നൂറു ശതമാനം സത്യസന്ധൻ. ഒരു മന്ത്രിയും അഴിമതി കാണിക്കാൻ അനുവദിക്കില്ല.
∙ എൽഡിഎഫിലുമില്ല, യുഡിഎഫിലുമില്ല. ഈ പോക്ക് എത്രകാലം?
അതുകൊണ്ട് എനിക്കു ഒരു ദോഷവും ഇല്ല. പറയേണ്ടത് ഇനിയും പറയും.
∙ കേരള കോൺഗ്രസുകളുടെ ലയനം നടക്കാത്ത സ്വപ്നമാണോ?
ഇനി അതു നടക്കില്ല. കെ.എം.ജോർജിനു ശേഷം, മാണി വോട്ടുപിടിച്ചതൊക്കെ ജാതി പറഞ്ഞാണ്. ആ ജാതി തന്നെ മാണിയെ മുക്കും. ലയനത്തിന് ആദ്യം വേണ്ടതു മാനസിക അടുപ്പമാണ്. അതില്ല. താലികെട്ടിയ ശേഷം ഭാര്യയും ഭർത്താവും രണ്ടു വീട്ടിൽ താമസിക്കുന്ന പോലെയാണ് ഇപ്പോൾ.
∙ മാണി എൽഡിഎഫിലേക്കു വന്നാൽ?
അതും നടക്കുന്ന കാര്യമല്ല. ചെങ്ങന്നൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു മാണി യുഡിഎഫിൽ ആയിരുന്നല്ലോ. എന്നിട്ടെന്തുണ്ടായി...?
∙ എൽഡിഎഫിൽ ഘടകകക്ഷിയാക്കുന്നതിൽ എന്താണു തടസ്സം?
ആരും തടസ്സമൊന്നും പറഞ്ഞിട്ടില്ലല്ലോ...
English Summary: Interview of R Balakrishnapillai at 2018