രാഷ്ട്രീയത്തിൽനിന്ന് സിനിമയിലേക്ക്, തിരിച്ച് രാഷ്ട്രീയത്തിലേക്കും; പിളളയെന്ന നടൻ
Mail This Article
ഇരുപത്തിയഞ്ചാം വയസ്സിൽ എംഎൽഎ ആയി പ്രായം കുറഞ്ഞ നിയമസഭാ സാമാജികൻ എന്ന റെക്കോർഡിട്ട ആർ. ബാലകൃഷ്ണപിള്ളയാണ് രാഷ്ട്രീയത്തിൽനിന്നു സിനിമയിലെത്തുന്ന ആദ്യ കൊല്ലം ജില്ലക്കാരൻ. നടനായി പേരെടുത്ത ഗണേഷ്കുമാറിന്റെ പിതാവും അഭിനേതാവെന്ന നിലയിൽ മോശമായിരുന്നില്ല. വിദ്യാഭ്യാസകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്ന ബാലകൃഷ്ണപിള്ള ഇവളൊരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ മുഖം കാണിക്കുന്നത്.
പിന്നീട് കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി.1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ.എ. ശിവദാസ് സംവിധാനം ചെയ്ത സുകുമാരൻ നായകനായ വെടിക്കെട്ടിൽ അഭിനയിക്കുമ്പോൾ വൈദ്യുതി മന്ത്രിയായി. മന്ത്രിയായ ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽനിന്നും സീരിയലുകളിൽനിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും പിള്ള രാഷ്ട്രീയത്തിൽ ഉറച്ചു.
ചരിത്രം കുറിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്ക്
1960–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പ് രംഗത്തെത്തി. കമ്യൂണിസ്റ്റ് പാർട്ടിയിലെ എൻ. രാജഗോപാലൻനായരെ 4535 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആർ. ബാലകൃഷ്ണപിളളയെന്ന 25കാരൻ ചരിത്രം കുറിച്ചു.1960ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.
കൊട്ടാരക്കരയുടെ കാരണവർ
1964 മുതൽ ’87 വരെ ഇടമുളയ്‌ക്കൽ പഞ്ചായത്തിന്റെയും ’87 മുതൽ ’95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായ പിള്ളയെ സ്വന്തം നാടായ വാളകത്തുകാരെക്കാൾ കൊട്ടാരക്കരക്കാരാണ് സ്‌നേഹംകൊണ്ടു കീഴടക്കിയത്. 1965ൽ ആയിരുന്നു കൊട്ടാരക്കരയിൽ പിള്ളയുടെ ആദ്യ ജയം. സിപിഐയിലെ ഇ. ചന്ദ്രശേഖരൻ നായരെ 1560 വോട്ടിനു കെട്ടുകെട്ടിച്ചു. പക്ഷേ, ’67ൽ ചന്ദ്രശേഖരൻ നായരും ’70ൽ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്‌ണനും പിള്ളയെ പരാജയപ്പെടുത്തി.
എന്നാൽ, ’77ൽ കൊട്ടറയോടു പകരംവീട്ടി പിള്ള നിയമസഭയിലെത്തി. 1980ൽ പിഎസ്‌പിയിലെ തേവന്നൂർ ശ്രീധരൻ നായർ, ’82* ൽ സിപിഐയിലെ ഇ. ചന്ദ്രശേഖരൻനായർ,’87ൽ സിപിഐയിലെ ഇ. രാജേന്ദ്രൻ, ’91ലും ’96ലും സിപിഎമ്മിലെ ജോർജ് മാത്യു, 2001ൽ സിപിഎമ്മിലെ വി. രവീന്ദ്രൻ നായർ എന്നിവരെ പരാജയപ്പെടുത്തി പിള്ളയെ കൊട്ടാരക്കരക്കാർ നിയമസഭയിലെത്തിച്ചു. എന്നാൽ, 2006ൽ സിപിഎമ്മിലെ കന്നിക്കാരിയായ ഐഷ പോറ്റി പിള്ളയെ തോൽപിച്ചു ചരിത്രംകുറിച്ചു.
Content Highlight: R Balakrishna Pillai - Film Star