ഇടത് സർക്കാരിൽ സിപിഐയുടെ റാണി; കന്നിയങ്കം ജയിച്ച് പിണറായി മന്ത്രിസഭയിൽ
Mail This Article
സ്ത്രീ പ്രാതിനിധ്യത്തിൽ ചരിത്രം രചിച്ച പുതിയ ഇടതു സർക്കാരിൽ സിപിഐയുടെ ഏക വനിത പ്രതിനിധിയാണു ജെ.ചിഞ്ചുറാണി. സിപിഐയിൽനിന്നുള്ള ആദ്യ വനിതാമന്ത്രി. നിയമസഭയിലേക്ക് ആദ്യ ജയം. ചടയമംഗലത്തുനിന്ന് 13,678 വോട്ടിന്റെ ഭൂരിപക്ഷം. നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗം.
1963ൽ കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ ജനനം. ആദ്യകാല കമ്യൂണിസ്റ്റും കശുവണ്ടി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു പിതാവ് എന്‍.ശ്രീധരൻ. ഭരണിക്കാവ് എൽപിഎസ്, അയത്തിൽ വിവിഎച്ച്എസ്, ശ്രീനാരായണ വനിത കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പഠനകാലത്ത് ജില്ലാതല കായികതാരമായിരുന്നു. ബാലവേദിയിൽ സജീവമായിരുന്ന ചിഞ്ചുറാണി എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്.
ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇപ്പോൾ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗള്‍ട്രി കോര്‍പറേഷന്‍ ചെയർപഴ്സൻ, സി.അച്യുത മേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സൻ, ജില്ലാപഞ്ചായത്ത് അംഗം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: സിപിഐ നേതാവും ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായ ഡി.സുകേശന്‍. മക്കള്‍: നന്ദു സുകേശന്‍, നന്ദന റാണി.
English Summary: Profile of J Chinchu Rani, member of Team Pinarayi Cabinet 2.0