മമത ബാനർജി വീണ്ടും മത്സരത്തിന്; തൃണമൂൽ എംഎൽഎ രാജിവച്ചു
Mail This Article
കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. മമത ആദ്യം മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്. മുൻ അനുയായിയും പിന്നീട് ബിജെപിയുടെ സ്ഥാനാർഥിയുമായ സുവേന്ദു അധികാരിക്കെതിരെ മമത നന്ദിഗ്രാമിൽ മത്സരിച്ചെങ്കിലും തോറ്റു. ഭവാനിപുരിൽനിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ഛദ്ദോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിനുവേണ്ടി രാജിവച്ചു.
ആറുമാസത്തിനുള്ളിൽ മമത ഭവാനിപുരിൽനിന്നും മത്സരിക്കുമെന്ന് ഛദ്ദോപാധ്യായ പറഞ്ഞു. നിലവിൽ കൃഷിമന്ത്രിയായ അദ്ദേഹം 6 മാസം മന്ത്രിയായി തുടരും. ആറുമാസത്തിനുള്ളിൽ അദ്ദേഹവും മറ്റേതെങ്കിലും സീറ്റിൽനിന്ന് മത്സരിച്ചേക്കും. തുടർച്ചയായ മൂന്നാം തവണയും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ജയിച്ചെങ്കിലും മമതയുടെ പരാജയം തിരിച്ചടിയായിരുന്നു. നന്ദിഗ്രാമിൽ നിസാരവോട്ടുകൾക്കാണ് സുവേന്ദു അധികാരിയോട് തോറ്റത്.
2011 ലും 2016 ലും ഭവാനിപുരിൽനിന്നാണ് മമത മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും.
English Summary: Mamata Banerjee set to contest from earlier seat