ജീവിതത്തിൽ ‘അലിഷ്യ’യായി തിമ്മന്നൂർ ശ്രീഗീത; ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ കഥ
Mail This Article
യുഎസ് ഗണിത ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ ജോൺ നാഷിന്റെ ജീവിതം പറയുന്ന കഥയാണ് 2001ൽ പുറത്തിറങ്ങിയ ‘എ ബ്യൂട്ടിഫുൾ മൈൻഡ്’. പ്രിൻസ്റ്റൺ സർവകലാശാലയിൽ സഹപാഠികളോടു അടുപ്പം പുലർത്താതിരുന്ന നാഷ് റൂംമേറ്റിനോടു പുലർത്തിയ അടുപ്പവും സൗഹൃദവും സിനിമയിൽ ഉടനീളം കാണാം.
ഇതിനിടെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിയമനം ലഭിക്കുന്ന നാഷിന് റഷ്യയുടെ രഹസ്യ കോഡുകൾ എൻകോഡ് ചെയ്തെടുക്കാൻ അവസരം ലഭിക്കുന്നു. പ്രതിരോധ വകുപ്പിന്റെ ഭാഗമായി മാറുന്ന നാഷ് റഷ്യയുടെ രഹസ്യ സന്ദേശങ്ങൾ തിരിച്ചറിയുന്ന ദൗത്യത്തിൽ ഏർപ്പെടുകയും പിൻവാങ്ങാൻ ശ്രമിക്കുമ്പോൾ ഭീഷണിക്ക് ഇരയാകുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രസംഗത്തിനിടെ തന്നെ നിയമിച്ച വില്യം പാച്ചറിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാനെത്തുമ്പോൾ ഭയചകിതനായി ഇറങ്ങിയോടുന്ന നാഷ് ഒടുവിൽ പിടിക്കപ്പെടുന്നു.
ഇതിനിടെ അലിഷ്യ എന്ന യുവതിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമെല്ലാം ചെയ്യുന്നുണ്ട് നാഷ്. പ്രതിരോധവകുപ്പും രഹസ്യകോഡുകളും ഉൾപ്പെടെയുള്ളവയെല്ലാം നാഷിന്റെ മനോവ്യാപാരങ്ങളായിരുന്നെന്നു അലിഷ്യയാണ് തിരിച്ചറിയുന്നത്. ഇടയ്ക്കു കാണുന്നതായി പറയുന്ന റൂംമേറ്റും റഷ്യൻ രഹസ്യ സന്ദേശങ്ങൾ എൻകോഡ് ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തതുമെല്ലാം അദ്ദേഹത്തിന്റെ മിഥ്യാബോധമായിരുന്നെന്ന സത്യം. രോഗിയായ അദ്ദേഹത്തെ ചേർത്തു പിടിച്ച് ചികിൽസ ഉറപ്പാക്കി ഒപ്പം ജീവിക്കാൻ കൂടി തീരുമാനമെടുക്കുകയാണ് ചിത്രത്തിൽ അലിഷ്യ. ഡോക്ടർ റോസെന്റെ ചികിത്സയ്ക്ക് നാഷിനെ വിധേയമാക്കുന്നതും ചിത്രം വിവരിച്ചു.
യാഥാർഥ്യങ്ങൾക്കും മിഥ്യകൾക്കും ഇടയിലെ നൂൽപാലത്തിലെ യാത്ര ഒപ്പമുള്ളവരെ എത്രത്തോളം ദുരിതത്തിലാക്കുന്നുവെന്നു വരച്ചുകാട്ടുന്ന ചിത്രമാണ് ‘എ ബ്യൂട്ടിഫുൾ മൈൻഡ്’. നാല് ഓസ്കർ പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു. ഇത്തരത്തിൽ രോഗബാധിതരായവരെ ചേർത്തു നിർത്തണമെന്ന സന്ദേശമാണ് ലോക സ്കീസോഫ്രീനിയ ദിനം ലോകത്തെ ഓർമിപ്പിക്കുന്നത്.
∙ തിമ്മന്നൂർ ശ്രീഗീത എന്ന ‘അലിഷ്യ’
സ്കീസോഫ്രീനിയ ബാധിതനായ ഭർത്താവിന്റെ അവസ്ഥ ഉൾക്കൊണ്ട് അദ്ദേഹത്തോടൊപ്പം ജീവിക്കാനും കൂടെ ചേർത്തു നിർത്താനും തീരുമാനിച്ച ‘അലിഷ്യ’യുടെ മലയാളി പതിപ്പാണ് തിമ്മന്നൂർ ശ്രീഗീതയെന്ന പാലക്കാട്ടുകാരി. വിവാഹശേഷം ഭർത്താവിനൊപ്പം കൊച്ചിയിൽ താമസിക്കുന്ന ഇവർ ഭർത്താവിന്റെ രോഗാവസ്ഥ മനസിലാക്കുന്നത് ഏറെ വൈകിയായിരുന്നെന്നു മാത്രം.
വിഷാദരോഗമാണെന്നു കരുതിയായിരുന്നു ആദ്യ ചികിൽസ. തൃശൂരിലെ ഡോ. മോഹൻദാസാണ് ഇത് സ്കിസോഫ്രീനിയയാണെന്നു തിരിച്ചറിയുന്നതും ചികിത്സയ്ക്ക് നിർദേശിക്കുന്നതും. വിവാഹം കഴിഞ്ഞ് അധികം നാളുകൾ ആയിട്ടില്ലാതിരുന്നതിനാൽ രോഗിയായ ഭർത്താവിനെ ഒഴിവാക്കാമെന്നു പലരുടെയും നിർദേശങ്ങൾ. താൻ നോക്കിക്കൊള്ളാമെന്ന് ശ്രീഗീത മറുപടി നൽകിയത് നിശ്ചയദാർഢ്യത്തോടെ.
രോഗിയായ ഭർത്താവിനെ മനോരോഗാശുപത്രിയിലേയ്ക്കു മാറ്റാനായിരുന്നു ബന്ധുക്കളുടെ നിർദേശം. സ്വന്തം സഹോദരനോ കുഞ്ഞിനോ രോഗം വന്നാൽ എന്തു ചെയ്യുമോ അതു തന്നെ ഇവിടെയും ചെയ്യുമെന്ന മറുപടിയുമായാണ് അവരെ ശ്രീഗീത നേരിട്ടത്. മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ അതൊരു ദൗത്യമായി. 14 വർഷമായി സ്വന്തം മകനെ പരിചരിക്കുന്നതു പോലെ ഭർത്താവിനെ പരിചരിക്കുകയാണ് അവർ.
അദ്ദേഹം വലിയ ഉത്തരവാദിത്തമുള്ള ജോലി ഒരു മുടക്കവുമില്ലാതെ ചെയ്യുന്നുണ്ടെങ്കിൽ അതിനു ശ്രീഗീതയുടെയും മാതാപിതാക്കളുടെയും പിന്തുണയാണ്. മുടങ്ങാതെ മരുന്നു നൽകുകയും കൃത്യമായി ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിച്ച് സമൂഹത്തിലേയ്ക്കു കൊണ്ടു വരികയുമെല്ലാം ചെയ്യുകയാണവർ. തന്റെ പ്രതിബദ്ധതയ്ക്ക് ഇതിനിടെ ഈസ്റ്റേണിന്റെ ഭൂമിക പുരസ്കാരം ഉൾപ്പടെയുള്ള അംഗീകാരങ്ങൾ ലഭിച്ചതായി അവർ അഭിമാനത്തോടെ പറയുന്നു.
ഡോ. നാഷിന്റെയും അലിഷ്യയുടെയും കഥ പറഞ്ഞ ‘എ ബ്യൂട്ടിഫുൾ മൈൻഡി’ന്റെ ഒരു സ്വതന്ത്ര മലയാള ആവിഷ്കാരമാണ് തന്റെ സ്വപ്നമെന്ന് ശ്രീഗീത പറയുന്നു. ഇത്തരത്തിൽ രോഗികളായവരെ പരിചരിക്കുന്നതിനും കൂടെ നിർത്തുന്നതിനും വേണ്ട ബോധവൽക്കരണമാണ് മുഖ്യ ലക്ഷ്യമെന്നും.
∙ സ്കിസോഫ്രീനിയ എന്ന തീവ്ര രോഗം
തിരിച്ചറിയപ്പെട്ട നൂറിൽപരം മനോരോഗങ്ങളിൽ ഏറ്റവും വ്യാപകമായുള്ളതും തീവ്രവുമായ മനോരോഗമാണ് സ്കിസോഫ്രീനിയ. അതുകൊണ്ടു തന്നെ തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിയുകയും ഗൗരവമായ ചികിത്സ നൽകുകയും വേണമെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദീഷ് പറയുന്നു.
ഒരു വ്യക്തിക്കു യാഥാർഥ്യബോധം നഷ്ടപ്പെടുന്നതാണ് രോഗാവസ്ഥ. അടിയുറച്ച മിഥ്യാവിശ്വാസവും ഇല്ലാത്ത വസ്തുക്കൾ കാണുകയും (ഡല്യൂഷൻ) ചെയ്യുന്നതാണ് രോഗാവസ്ഥ. ആരൊക്കെയോ തന്നെ പിന്തുടരുന്നു, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, തന്നെ അപായപ്പെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നു, വേട്ടയാടുന്നു(delusion of persecution) എന്നെല്ലാം ഇവർ അടിയുറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം പഞ്ചേന്ദ്രിയങ്ങൾക്കൊണ്ട് ഒരാൾ അറിയുന്ന കാര്യങ്ങൾ ഇല്ലാതെ തന്നെ അനുഭവിക്കുകയും കാണുകയും കേൾക്കുകയുമെല്ലാം ചെയ്യുന്ന അവസ്ഥയിലാകുന്നു(hallucination) ഇവർ.
ഒരു ശബ്ദം കേട്ടാൽ മാത്രം നമ്മൾ അതിനോടു പ്രതികരിക്കുമ്പോൾ ഇല്ലാത്ത ശബ്ദത്തോട് അവർ പ്രതികരിക്കുന്നു. ഇല്ലാത്ത ശബ്ദം അവർക്കു കേൾക്കാം, ഇല്ലാത്ത വ്യക്തികളെയും സാധനങ്ങളും കാണാം, ഇല്ലാത്ത ഗന്ധവും രുചിയും സ്പർശവുമെല്ലാം അവർക്ക് അനുഭവപ്പെടാം. ഇതിനോട് അവർ പ്രതികരിക്കുകയും ചെയ്യുന്നു. ‘എ ബ്യൂട്ടിഫുൾ മൈൻഡി’ൽ ഡോ. നാഷ് ഇല്ലാത്ത വ്യക്തികളെ കാണുകയും അവരോടു സംവദിക്കുകയും അവർക്കു വേണ്ടി ജോലി ചെയ്യുന്നതുമെല്ലാം കാണിക്കുന്നുണ്ട്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ കിടപ്പു ചികിത്സയ്ക്കെത്തുന്നവരിൽ 80 പേരും ഈ രോഗത്തിന് ചികിത്സയിലുള്ളവരായിരിക്കും. അത്രമാത്രം തീവ്രതയുള്ളതും വർഷങ്ങൾ നീണ്ടു നിൽക്കുന്നതാണ് സ്കിസോഫ്രീനിയ.
ഒരു വ്യക്തിയിൽ ടീനേജ് പ്രായം മുതൽ ഈ രോഗ ലക്ഷണങ്ങൾ പ്രകടമാകാം. ജനിതകപരമായി രോഗം വരുന്നതിനു പുറമേ തലയ്ക്കേൽക്കുന്ന പരുക്ക്, ലഹരി മരുന്ന് ഉപയോഗം ഇവകൊണ്ടെല്ലാം രോഗമുണ്ടാകാം. ഇത്തരം രോഗമുള്ളവർ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ദൂരെ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാം. ചിന്താപരമായ വൈകല്യമാണ് ഇവർക്കുള്ള മറ്റൊരു ലക്ഷണം. ഇവർ സംസാരിക്കുന്നത് കേൾക്കുന്നവർക്കു വ്യക്തമായി മനസിലാക്കാനാവാത്ത അവസ്ഥ. കാഴ്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യമാണ് മറ്റൊന്ന്. അതുകൊണ്ടു തന്നെ ഓരോ വസ്തുക്കളോടുമുള്ള ഇവരുടെ സമീപനം വ്യത്യസ്തമായിരിക്കും. ഒരു പല്ലിയെയോ പാറ്റയെയോ കണ്ടാൽ പോലും ഇവർ സംശയത്തോടെയായിരിക്കും പെരുമാറുക. തന്നെ നിരീക്ഷിക്കുന്നതിനായി ആരോ കടത്തിവിട്ടതാണോ, അതിന്റെ ശരീരത്തു കാമറ ഘടിപ്പിച്ചിട്ടുണ്ടോ തുടങ്ങി യുക്തിവിരുദ്ധമായ ചിന്തകൾ പോലും അവരെ നയിക്കാം.
ഒരാൾ റോഡിലൂടെ നടന്നു പോയാൽ പോലും രോഗിയായ ഒരാളിൽ സംശയങ്ങൾ ജനിക്കുന്നു. ഇയാൾക്കു തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു തോന്നുന്നു. അവർ തമ്മിൽ പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം രോഗി കാണുകയും കേൾക്കുകയുമെല്ലാം ചെയ്യുന്നു. ഇങ്ങനെ വരുമ്പോഴാണ് ഭാര്യയെയൊ ഭർത്താവിനെയൊ കൊലപ്പെടുത്തുന്നതു പോലെയുള്ള സാഹചര്യങ്ങളിലേയ്ക്കു രോഗം വ്യക്തിയെ നയിക്കുക. സ്വയം സംസാരിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണുമ്പോൾ അവർ പിറുപിറക്കുന്നതായാണ് നമുക്കു തോന്നുന്നതെങ്കിൽ യഥാർഥത്തിൽ അവർ കാണുന്നതിനോടും കേൾക്കുന്നതിനോടുമാണു പ്രതികരിക്കുന്നത്. രോഗം ബാധിക്കുന്നതോടെ ചിലർ നെഗറ്റീവായ പ്രതികരണങ്ങളിലേയ്ക്കു പോകാം. അവർ സമൂഹത്തിൽ നിന്നു ഉൾവലിയുന്നു. സമൂഹിക ഇടപെടൽ കുറയുകയും പുറത്തേയ്ക്ക് തീരെ ഇറങ്ങാതാവുകയും ചെയ്യുന്നു.
വൈകാരികമായ പ്രതികരണങ്ങൾ ഇവർക്ക് ഇല്ലാതാകുന്നതാണ് മറ്റൊരു ലക്ഷണം. ആരെങ്കിലും മരിച്ചെന്നു പറഞ്ഞാലും ജോലി കിട്ടിയാലുമൊന്നും ഇവർക്കു യാതൊരു പ്രതികരണവും ഇല്ലാത്തത് അതുകൊണ്ടാണ്. ‘എ ബ്യൂട്ടിഫുൾ മൈൻഡി’ൽ ഭാര്യയുടെ വൈകാരിക താൽപര്യങ്ങളോടു പോലും പ്രതികരിക്കാനാവാതെ പോകുന്നതും തുറന്നു വിട്ട ബാത്ടബിൽ കിടത്തിയ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെ പോകുന്നതുമെല്ലാം ഇതുകൊണ്ടാണ്. ഭാര്യയ്ക്കു വേണ്ടി മരുന്നു കഴിക്കൽ തൽക്കാലം നിർത്തിവയ്ക്കുന്നതോടെ നാഷ് വീണ്ടും പഴയ കാഴ്ചകൾ കണ്ടു തുടങ്ങുന്നു. തന്നെ ഉപദ്രവിക്കാൻ പിന്തുടരുന്നവരിൽ നിന്നു രക്ഷപ്പെടാൻ പലതും ചെയ്തു കൂട്ടുന്നു. ഒടുവിൽ വീണ്ടും ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുന്നതും മരുന്നു കഴിച്ച് സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരാൻ ശ്രമിക്കുകയുമാണ് അദ്ദേഹം.
∙ മാനസിക വിദഗ്ധരുടെ കൂട്ടായ ചികിത്സ അനിവാര്യം
സ്കിസോഫ്രീനിയ രോഗിക്കു മാനസിക പിന്തുണയും കരുതലും നൽകുന്നതിനൊപ്പം ആന്റി സൈക്കോട്ടിക് പോലെയുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സയും അനിവാര്യമാണ്. അതോടൊപ്പം സൈക്കോ തെറപ്പിയും നൽകുന്നു. സൈക്യാട്രിസ്റ്റു നൽകുന്ന മരുന്നുകളും സൈക്കോളജിസ്റ്റിന്റെ മനശാസ്ത്ര ചികിത്സയും സൈക്യാട്രിക് നഴ്സിന്റെ പരിചരണവും സോഷ്യൽവർക്കറുടെ സഹായവുമെല്ലാം ചേർന്നുള്ള കൂട്ടായ ചികിത്സയാണ് ഇവർക്കു നൽകാറുള്ളത്.
രോഗത്തിൽ നിന്നു മോചിതരാകുന്നവരെ സാമൂഹിക ജീവിതത്തിലേക്കും കുടുംബാംഗങ്ങളിലേക്കും തിരികെ കൊണ്ടുവരാൻ മിക്കപ്പോഴും സോഷ്യൽവർക്കറുടെ പിന്തുണ വേണ്ടി വരും. മനോരോഗ വിദഗ്ധരുടെ കൂട്ടായ മേൽനോട്ടത്തിലുള്ള ചികിത്സയായിരിക്കും രോഗ ചികിത്സയ്ക്കു പെട്ടെന്നു ഫലപ്രാപ്തി നൽകുകയെന്നും ഡോക്ടർ പി.ടി. സന്ദീഷ് പറയുന്നു.
English Summary: World Schizophrenia Day article on thimmannur Sreegeetha