ADVERTISEMENT

കൊച്ചി∙ ക്ഷീണാവസ്ഥ മുതലെടുത്ത് തന്നെ സഹായിക്കാൻ എന്ന മട്ടിൽ എത്തിയ മകൾ ആശ ആ മേൽവിലാസം ഉപയോഗിച്ച് തന്റെ പ്രിയ സഖാവ് സി.എൻ. മോഹനനെയും അജയ് തറയിലിനെയുമെല്ലാം ആക്ഷേപിച്ചെന്നു മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ്. സമ്മതമില്ലാതെ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ദുഷ് പ്രചാരണങ്ങൾ നടത്തുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ എഴുതി. നാലു വർഷമായി അകൽച്ചയിലായിരുന്ന മകൾ തന്നെ പരിചരിക്കാനും സഹായിക്കാനും തയാറായ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞ് ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

എം.എം. ലോറൻസിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

‘‘ഓക്സിജൻ ലെവൽ കുറഞ്ഞ്, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി.എൻ. മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരെയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടു നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണു പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല.

കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.’’

English Summary: MM Lawrence against daughter Asha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com